പടവലങ്ങ വില മുകളിലേക്ക്, 30 രൂപയുള്ള കത്തിരിക്കയ്ക്ക് 85 രൂപ; തേങ്ങ വില വീണ്ടും കുതിക്കുന്നു

കൊല്ലം: അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് ജില്ലയിൽ രണ്ടാഴ്ചക്കിടെ കുതിച്ചുയർന്ന് പച്ചക്കറി വില. കിലോയ്ക്ക് ഇരുപതും മുപ്പതും രൂപയുണ്ടായിരുന്ന പച്ചക്കറി ഇനങ്ങളിൽ പലതും ദിവസങ്ങൾ കൊണ്ട് 80 രൂപവരെയായി.
പടവലത്തിന്റെ വില മുകളിലേക്കുയരുകയാണ്. 40 രൂപയായിരുന്നത് രണ്ടാഴ്ചകൊണ്ട് 80 രൂപയായി. 30 രൂപയായിരുന്ന കത്തിരിക്ക 80-85 നിരക്കിലാണ് ഇപ്പോൾ വിൽക്കുന്നത്. വെള്ളരി 25-ൽനിന്ന് 40 രൂപയിലേക്ക് കുതിച്ചു. അമരയ്ക്കയുടെ മൊത്തവില 60 രൂപ വരെയെത്തി.
ഓണക്കാലത്ത് ഇടയ്ക്കൊന്ന് താഴ്ന്നെങ്കിലും തേങ്ങവില വീണ്ടും ഉയർന്നിട്ടുണ്ട്. 80-84 രൂപ വരെയാണ് കിലോയ്ക്ക് വില. അടുക്കളയിൽ ഒഴിവാക്കാനാകാത്ത സവാളയ്ക്കും തക്കാളിക്കും കിഴങ്ങിനുമെല്ലാം രണ്ടാഴ്ചകൊണ്ട് 10 രൂപയോളം വർധന ഉണ്ടായി.
മഴയിലുണ്ടായ കൃഷിനാശവും പച്ചക്കറികളുടെ ലഭ്യതക്കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, ആലുകുളം, പാവൂർസത്രം, സുരണ്ട എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കൂടുതലായും പച്ചക്കറികളെത്തുന്നത്. രണ്ടാഴ്ചയായുണ്ടായ മഴയിൽ വൻതോതിൽ കൃഷിനാശം സംഭവിച്ചു.
ഇതോടൊപ്പം, പുതുതായി നെല്ല്, ചോളം, കപ്പലണ്ടി തുടങ്ങിയ വിളകളാണ് കൃഷിചെയ്യുന്നത്. പച്ചക്കറിക്കൃഷി കുറവാണ്. വയലുകളിൽ പച്ചക്കറി കൃഷിചെയ്യാത്തതും വില കൂടിയതിന് കാരണമായി. ഉൾനാടുകളിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇവിടെനിന്നാണ് വെണ്ട, അമര തുടങ്ങിയ ഇനങ്ങൾ വരുന്നത്.
പച്ചക്കറിക്കിറ്റുകൾ 100-150 നിരക്കിൽ തന്നെയാണ് വിൽപ്പന. ഇടയ്ക്ക് വില ഉയർന്നെങ്കിലും ചെറുനാരങ്ങ, ചെറിയഉള്ളി, പച്ചമുളക് തുടങ്ങിയവ വിലയിൽ മാറ്റങ്ങളൊന്നും ഇല്ലാതെ പോകുന്നു. ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയിൽ കുറവുവന്നതോടെ വ്യാപാരമേഖലയും പ്രതിസന്ധിയിലാണ്.
വിലനിലവാരം പുതിയത്, ബ്രാക്കറ്റിൽ പഴയവില
സവാള-30-35 (25), കിഴങ്ങ്-45 (40), തക്കാളി-40 (30),
വെണ്ടക്ക-40-50 (30), അമരക്ക-60 (30), ബീൻസ്-120 (80),
കാരറ്റ്-100-90 (70), പടവലം-80 (40), വെള്ളരി-40 (25),
കത്തിരിക്ക-80-85 (30), മുരിങ്ങക്ക-70-80 (40)
(കൊല്ലം നഗരത്തിലെ ബുധനാഴ്ചത്തെ വില അടിസ്ഥാനമാക്കി. അവലംബം: കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ)
Content Highlights: Kollam's Kitchen Budget Hit: Vegetable Prices Skyrocket in Fortnight