കൊല്ലം-ഇടമൺ ദേശീയപാത വികസനം: സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ പരിശോധിക്കുമെന്ന് കേന്ദ്രം

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള സ്ഥലം സംസ്ഥാന സർക്കാർ ലഭ്യമാക്കിയാൽ പരമാവധി വീതിയിൽ റോഡ് നിർമിക്കുന്നത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി.

ദേശീയപാതയുടെ ഭാഗമായ ചിന്നക്കട-ഇടമൺ പാത പരമാവധി വീതിയിൽ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹിയിൽ മന്ത്രിയുമായി ചർച്ച നടത്തിയശേഷമാണ് എം.പി. ഇക്കാര്യം അറിയിച്ചത്. ചിന്നക്കട-ഇടമൺ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഒരിക്കൽ തത്ത്വത്തിൽ അംഗീകാരം നൽകിയതാണെന്നും വീതി കൂട്ടാനാവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരു​െന്നന്നും മന്ത്രി പറഞ്ഞു.

കടമ്പാട്ടുകോണത്തുനിന്ന് ഇടമണിലേക്കുള്ള പുതിയ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ ചിന്നക്കട -ഇടമൺ ഹൈവേക്കു പകരമാകില്ല. ഹൈവേ ആരംഭിക്കുന്ന ചിന്നക്കടയിൽനിന്ന് 26 കിലോമീറ്റർ അകലെയാണ് പുതിയ ഗ്രീൻഫീൽഡ് ഹൈവേ ആരംഭിക്കുന്നത്. കുണ്ടറ, കൊട്ടാരക്കര തുടങ്ങി നഗരസമാനമായി വികസിച്ച പ്രദേശങ്ങളിൽക്കൂടിയുള്ള പാത പരമാവധി വീതിയിൽ വികസിപ്പിക്കേണ്ടതാണ്. റോഡിന്റെ ഇരുവശവുമുള്ള പ്രദേശങ്ങൾ ജനസാന്ദ്രമാണ്. ദേശീയപാതയുടെ വികസനം നടക്കാത്തതിനാൽ യാത്രക്കാർക്കും ചരക്കുനീക്കത്തിനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇതിനാൽ എത്രയുംവേഗം പാതവികസനം സാധ്യമാക്കണമെന്ന്‌ എം.പി. ആവശ്യപ്പെട്ടു.

Content Highlights: Union Minister Nitin Gadkari assures consideration for widening the Kollam-Thirumangalam highway., State government must provide land for the project to proceed., Clarification that the new Greenfield Highway is not a replacement for the existing Chinnakkada-Idamon road., Need for development in high-density urban areas like Kundara and Kottarakkara.