ബജറ്റില്‍ കൊല്ലത്തിന് രണ്ട് ഐ.ടി. പാര്‍ക്കുകള്‍;15 വര്‍ഷംമുന്‍പ് അനുവദിച്ചത് നോക്കുകുത്തി

കുണ്ടറ: കൊല്ലത്ത് രണ്ട് ഐ.ടി. പാര്‍ക്കുകളുടെ പ്രഖ്യാപനം ജില്ലയില്‍ 15 വര്‍ഷംമുന്‍പ് അനുവദിച്ച ടെക്നോപാര്‍ക്ക് നോക്കുകുത്തിയായിരിക്കെ. നാല് ഘട്ടങ്ങളായി അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വിഭാവനംചെയ്ത കുണ്ടറയിലെ പാര്‍ക്കിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാക്കാനായത്.
അഷ്ടമുടിക്കായലിന്റെ തീരത്ത് സിറാമിക്‌സ് ഫാക്ടറിയുടെ 44 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനു കൈമാറിയത് 2010-ല്‍. നാല് ഇതളുകളായി വിഭാവനംചെയ്ത കെട്ടിടത്തിന്റെ ഒരിതള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇവിടെയാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടന്നുവരുന്നത്. ബാക്കിയുള്ള 40 ഏക്കറോളം സ്ഥലം ഐ.ടി. കമ്പനികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് പാട്ടത്തിനു നല്‍കാനുള്ളതാണ്. ഇത് ഇനിയും ആര്‍ക്കും കൈമാറാനായിട്ടില്ല.
കേരള സിറാമിക്‌സിന്റെ കയോലിന്‍ ഡിവിഷന്‍ ഫാക്ടറിയുടെ സ്ഥലമാണ് ടെക്‌നോപാര്‍ക്കിനായി ഏറ്റെടുത്തത്. ഖനനംചെയ്‌തെടുത്ത മണ്ണില്‍നിന്ന് കളിമണ്ണ് വേര്‍തിരിച്ചശേഷം ബാക്കിവരുന്ന മണ്ണ് നിക്ഷേപിച്ച ചതുപ്പുനിലമായിരുന്നു ഏറെയും. കുണ്ടറയില്‍ മേല്‍പ്പാലം ഇല്ലാത്തതും കൊല്ലത്തുനിന്ന് അഷ്ടമുടിക്കായല്‍വഴി ബോട്ടുമാര്‍ഗം എത്താനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാത്തതും പാര്‍ക്കിന്റെ വികസനത്തിനു തടസ്സമായി.
4000 ടെക്കികള്‍ക്ക് പ്രത്യക്ഷമായും അതിലേറെപ്പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 500-ല്‍ താഴെ മാത്രം ജീവനക്കാരാണ് ഇന്ന് ടെക്നോപാര്‍ക്കില്‍ ജോലിചെയ്യുന്നത്. റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും ജലമാര്‍ഗവും എത്തിച്ചേരാന്‍ കഴിയുന്ന പാര്‍ക്കെന്ന ഖ്യാതി തുടക്കത്തില്‍ത്തന്നെ നേടിയിരുന്നു. 2010 ഫെബ്രുവരി 10-ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് പാര്‍ക്കിന് തറക്കല്ലിട്ടത്.
വിശ്രമമില്ലാതെ പകലും രാത്രിയും നിര്‍മാണം നടത്തി. 2011 ഫെബ്രുവരി 14-ന് വി.എസ്.തന്നെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിഭാവനംചെയ്ത നിലയിലേക്ക് പാര്‍ക്കിന്റെ പ്രവര്‍ത്തനം എത്തിക്കാനായില്ല. ഇപ്പോള്‍ ജില്ലയില്‍ പുതിയ രണ്ട് ടെക്നോപാര്‍ക്കുകള്‍കൂടി ബജറ്റില്‍ പ്രഖ്യാപിച്ചതോടെ കുണ്ടറയിലെ ടെക്നോപാര്‍ക്കിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Content Highlights: Kundara Technopark, envisioned as a major IT hub