യുദ്ധഭീതിയിൽ കടലിൽ കുടുങ്ങി; ഇന്ധനവും വെള്ളവും തീരാറായി, ഷാർജയിലേക്കുള്ള കപ്പലിന് കൊല്ലംതീരത്ത് അഭയം

കൊല്ലം: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരവേ, ചൈനയിൽനിന്ന് ഷാർജയിലേക്കുള്ള ഇന്ധനക്കപ്പൽ അഭയംതേടി കൊല്ലം തുറമുഖത്തെത്തി.
കഴിഞ്ഞ 14-ന് ചൈനയിലെ നിങ്ഡേ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പൽ, ജി.എം. 2-ന് ഹോർമുസ് കടലിടുക്കു താണ്ടി വേണം ഷാർജയിലെത്താൻ. സംഘർഷം നിലനിൽക്കുന്നതിനാൽ ദിവസങ്ങളായി ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങുകയായിരുന്നു. ശേഖരത്തിലുള്ള ഇന്ധനവും കുടിവെള്ളവും തീരാനിരിക്കേയാണ് കപ്പൽ കൊല്ലം തുറമുഖത്തെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് കപ്പൽ അനുമതി നേടി തുറമുഖത്തടുപ്പിച്ചത്. ഒരു ചൈനീസ് പൗരനും ക്യാപ്റ്റനുൾപ്പെടെ 10 ഇന്തോനേഷ്യക്കാരുമാണ് കപ്പലിലുള്ളത്. പാചകവാതകം കൊണ്ടുപോകുന്ന കപ്പലാണിത്. അറ്റകുറ്റപ്പണിക്കു ശേഷം കാലി ടാങ്കറുമായി നിങ്ഡേ തുറമുഖത്തെ ഡ്രൈഡോക്കിൽനിന്നു പുറപ്പെട്ട കപ്പൽ, മറ്റു തുറമുഖങ്ങളിൽ അടുപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നില്ല. എന്നാൽ, ദിവസങ്ങളായി ലക്ഷ്യസ്ഥാനത്തേക്കു പോകാനാകാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ തുടരേണ്ടിവന്നതോടെ കൈവശമുള്ള വിഭവങ്ങൾ തീർന്നുകൊണ്ടിരുന്നത് അടുത്തുള്ള തുറമുഖത്ത് അഭയംതേടാൻ ഇവരെ നിർബന്ധിതരാക്കി. കൊച്ചിയിൽ അടുപ്പിക്കാൻ ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള ഇൻഷുറൻസ് ഇവരുടെ പക്കലില്ലാത്തതു തടസ്സമായി. കൊല്ലം തുറമുഖത്തെത്തുമ്പോഴേക്കും ഇൻഷുറൻസ് എടുത്ത് ഒരാഴ്ച തുടരാനുള്ള അനുമതി നേടിയെടുക്കാനായി. ഉദ്യോഗസ്ഥരുടെ ഇടപെടലും സഹായകമായി. സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കൊല്ലത്തെത്താൻ അനുമതി തേടിയത്.
കപ്പലിലേക്കാവശ്യമായ ഇന്ധനം ശനിയാഴ്ചയോടെ എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കുടിവെള്ളവും ഭക്ഷ്യസാധനങ്ങളും സംഭരിച്ചശേഷം രണ്ടു ദിവസത്തിനുള്ളിൽത്തന്നെ കപ്പൽ പുറപ്പെടും. മംഗോളിയയിൽ രജിസ്റ്റർചെയ്ത കപ്പലിന് 81 മീറ്റർ നീളമുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് ഈ മാസം ആദ്യം കൊല്ലത്തടുപ്പിച്ച സൗദി കപ്പൽ ‘സാക്കി വിഷൻ’ ഇപ്പോഴും കൊല്ലത്തു തങ്ങുന്നുണ്ട്.
Content Highlights: Fuel Crisis Forces Chinese Tanker to Seek Refuge in Kollam Port