സിപിഎം ധാരണ പാലിച്ചില്ല, സ്ഥാനങ്ങൾ രാജിവെച്ച് സിപിഐ; കൊല്ലം എൽഡിഎഫിൽ പ്രതിസന്ധി

കൊല്ലം: നഗരസഭയില്‍ സി.പി.എം- സി.പി.ഐ. ഭിന്നത. കൊല്ലം ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി.പി.ഐ അംഗം കൊല്ലം മധു രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതിലുള്ള ധാരണ സി.പി.എം. പാലിക്കാത്തതിനെത്തുടര്‍ന്നാണ് സി.പി.ഐയുടെ രാജി. പാര്‍ട്ടി തീരുമാനമാണ് താന്‍ രാജിയിലൂടെ നടപ്പാക്കിയതെന്ന് കൊല്ലം മധു പ്രതികരിച്ചു.
സി.പി.എം- സി.പി.ഐ. സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ബുധനാഴ്ച നിലവിലെ മേയര്‍ പ്രസന്നാ ഏണസ്റ്റ് രാജിവെക്കുമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാല്‍, വൈകീട്ട് 4.45 ആയിട്ടും പ്രസന്നാ ഏണസ്റ്റ് രാജി നല്‍കാതിരുന്നതോടെയാണ് സി.പി.ഐ. കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവിന് പുറമേ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സവിത ദേവിയും സജീവ് സോമനും രാജി നല്‍കി.
നാലുവര്‍ഷം മേയര്‍ സ്ഥാനം സി.പി.എമ്മിനും അവസാന ഒരുവര്‍ഷം സി.പി.ഐക്കും എന്നതായിരുന്നു ധാരണ. എന്നാല്‍, ഇത് പാലിക്കാന്‍ സി.പി.എം. തയ്യാറായില്ല. പലതവണ ജില്ലാ തലത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. ഇത് പരാജയപ്പെട്ടതോടെയാണ് സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. സി.പി.എമ്മിലെ തന്നെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ് പ്രസന്നാ ഏണസ്റ്റ് മേയര്‍ സ്ഥാനത്ത് തുടര്‍ന്നത്.
Content Highlights: CPI Deputy Mayor in Kollam resigns over breach of agreement with CPM regarding Mayor position