നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറേറ്റും രണ്ടേക്കർ വളപ്പും കോടതി ജപ്തി ചെയ്തു

കൊല്ലം കളക്ട്‌റേറ്റ്‌
കൊല്ലം കളക്ട്‌റേറ്റ്‌

കൊല്ലം: ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരം സർക്കാർ നൽകാഞ്ഞതിനെ തുടർന്ന് കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്തു. കളക്ടറേറ്റിൽ ജപ്തി നോട്ടീസ് പതിക്കുകയും ചെയ്തു. 2003-ൽ കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തപ്പോൾ മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയിൽ നടന്ന വ്യവഹാരങ്ങൾക്കൊടുവിലാണ് നടപടി.

കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന ഘട്ടത്തിൽ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതി നടപ്പാക്കാൻ റെയിൽവേ ഭൂമി ഏറ്റെടുത്തതിനു പകരം നൽകാനാണ് ചിന്നക്കട ഉപാസന ആശുപത്രിക്കു സമീപം കൊല്ലം-തിരുമംഗലം പാതയുടെ ഓരത്ത് വിജയലക്ഷ്മി കാഷ്യൂസ് ഉടമ പരേതനായ കെ. രവീന്ദ്രനാഥൻനായരുടെ 1.23 ഏക്കർ ഏറ്റെടുത്തത്. അന്ന് 1.13 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരം നിശ്ചയിച്ചത്. അതിനെതിരേ ഭൂവുടമ കൊല്ലം സബ് കോടതിയിൽ നൽകിയ ഹർജിയിൽ നഷ്ടപരിഹാരം എട്ടുകോടിയായി ഉയർത്തി.

സബ് കോടതി വിധിച്ച നഷ്ടപരിഹാരം കുറവാണെന്നു പറഞ്ഞ് ഭൂവുടമയും കൂടുതലാണെന്നു കാട്ടി കോർപ്പറേഷനും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടിയായി ഉയർത്തി. ഈ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ കൊല്ലം സബ് കോടതിയിൽ, വിധിനടത്തിപ്പ് ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറാകാഞ്ഞതിനെ തുടർന്നാണ് കൊല്ലം സബ് കോടതി, കളക്ടറേറ്റ് ജപ്തിചെയ്ത് പണം ഈടാക്കാനുള്ള നടപടി ആരംഭിച്ചത്.

ഭൂവുടമയ്ക്കുവേണ്ടി അഭിഭാഷകരായ ചിറ്റയം സതീഷ്‌കുമാർ, വി.എസ്. തമ്പി, ഐശ്വര്യ എസ്. പ്രസാദ്, ഷീന ബീഗം എന്നിവർ കോടതിയിൽ ഹാജരായി. ജപ്തിനടപടി പിൻവലിക്കാനും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുമുള്ള നിയമനടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Content Highlights: Kollam Collectorate`s land seized by Sub Court due to unpaid compensation