'വരാൻപറ്റുമെങ്കിൽ തിരിച്ചുചെല്ലാൻ അവർ പറഞ്ഞു, പക്ഷെ എനിക്ക് മിഥുന്റെ ഓർമ്മകളുമായി ഇവിടെ കഴിയണം'

mithun
mithun

കൊല്ലം:മനുഭവനം മൗനത്തിലായിരുന്നു. ഒടുങ്ങാത്ത വേദനകളോടെ... തേവലക്കര സ്കൂളിൽവെച്ച് വൈദ്യുതാഘാതമേറ്റ് മിഥുൻ വിട്ടുപിരിഞ്ഞിട്ട് പത്തുനാളാകുന്നു. ഒൻപതാംപക്കം വെള്ളിയാഴ്ചയായിരുന്നു കുഴിമൂടൽച്ചടങ്ങ്. അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചടങ്ങ് നടന്നു.

ശനിയാഴ്ച പടിഞ്ഞാറെ കല്ലട വലിയപാടം കിഴക്കേവീട്ടിൽ ചെല്ലുമ്പോൾ മുറ്റത്തെ പന്തൽ അഴിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. അച്ഛൻ മനു വീട്ടിനുള്ളിൽ കിടക്കുകയായിരുന്നു. അനിയൻ സുജിൻ അയൽവക്കത്തെ കുട്ടികൾക്കൊപ്പം കളിക്കാൻ പോയി. അമ്മ സുജ ഇറങ്ങിവന്നു.

കുടുംബം പുലർത്താനായി അഞ്ചുമാസംമുൻപാണ് സുജ കുവൈത്തിലെ അറബികുടുംബത്തിൽ ജോലിക്കുപോയത്. ‘തുർക്കിയിൽ െവച്ചാണ് മകന് എന്തോ അപകടം സംഭവിച്ചെന്നറിഞ്ഞത്. ആധിയോടെ ജോലിചെയ്യുന്ന കുവൈത്തി കുടുംബത്തോട് പറയുമ്പോൾ മനസ്സുനിറയെ ആശങ്കയായിരുന്നു. എല്ലാ വർഷവും അവധി ആഘോഷിക്കാൻ തുർക്കിക്ക് പോകുന്നതിന്റെ ഭാഗമായാണ് കുടുംബം അങ്ങോട്ടുപോയത്. എന്നാൽ അവർ പെട്ടെന്നുതന്നെ നാട്ടിലെത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തുതന്നു. ടിക്കറ്റും യാത്രാചെലവും തന്നു. വന്നശേഷം വിളിക്കുകയും ചെയ്തു. അവിടെ മലയാളിയായ ഡ്രൈവറുണ്ട്.

അറബി അറിയാത്തതുകൊണ്ട് അദ്ദേഹമാണ് കാര്യങ്ങൾ പറഞ്ഞുതരാറ്. നേരത്തേയും അവിടെ മലയാളികൾ ജോലിചെയ്തതുകൊണ്ട് അറബി കുടുംബത്തിനും ചില മലയാളവാക്കുകൾ അറിയാം. വരാൻപറ്റുമെങ്കിൽ മാത്രം തിരിച്ചുചെല്ലാനാണ് അവർ പറഞ്ഞത്. പക്ഷേ, ഇനി എനിക്ക് മിഥുന്റെ ഓർമ്മകളുമായി ഇവിടെ കഴിയണം. അവന്റെ അനിയൻ സുജിനെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം.’ അകലെയെവിടെയോ നോക്കി സംസാരിക്കുന്ന സുജയുടെ കണ്ണുകളിൽ ആ മനസ്സ് ഇരമ്പുന്നതുകാണാം.

കെഎസ്ഇബി 10 ലക്ഷം, കെഎസ്ടിഎ 10 ലക്ഷം, അപകടം സംഭവിച്ച തേവലക്കര ബോയ്‌സ് ഹൈസ്കൂൾ മാനേജ്‌മെന്റ് 10 ലക്ഷം, വിദ്യാഭ്യാസവകുപ്പ് മൂന്നുലക്ഷം എന്നിങ്ങനെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുവെച്ചുകൊടുക്കുമെന്ന് സ്കൗട്ട്‌സ്‌ ആൻഡ് ഗൈഡ്‌സും അറിയിച്ചിട്ടുണ്ട്. മിഥുൻ കാൽപ്പന്തുകളിക്കുന്ന മൈതാനം വെള്ളംനിറഞ്ഞ് നിശ്ചലമായി കിടക്കുന്നു. നല്ല ഫുട്‌ബോൾ താരമാകേണ്ടവനായിരുന്നു. പട്ടാളക്കാരനാകാനായിരുന്നു മോഹം.

സ്കൂൾ മാനേജരെ അയോഗ്യനാക്കി

തിരുവനന്തപുരം: വൈദ്യുതലൈനിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ മാനേജർ ആർ. തുളസീധരൻപിള്ളയെ സർക്കാർ അയോഗ്യനാക്കി. മാനേജ്മെന്റ് പിരിച്ചുവിട്ട് സ്കൂൾഭരണം കൊല്ലം ഡിഇഒയെ ഏൽപ്പിച്ച് ഉത്തരവിറക്കി.

സ്കൂളിൽ സുരക്ഷ ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച നിർദേശം പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് നടപടിയെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രധാനാധ്യാപികയെ നേരത്തേ സസ്പെൻഡു ചെയ്തിരുന്നു. മാനേജർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിരുന്നു.

മനഃപൂർവം വീഴ്ചവരുത്തിയിട്ടില്ലെന്നും കഴിയുന്നത്ര കൃത്യതയോടെ കാര്യങ്ങൾ ചെയ്തെന്നുമായിരുന്നു മാനേജരുടെ മറുപടി. ഇതു തൃപ്തികരമല്ലെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

ആദ്യമായിട്ടാണ് ഇത്രയും കടുത്തനടപടി സ്വീകരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചശേഷം അപേക്ഷ നൽകിയാൽ മാനേജ്‌മെന്റിനെ സ്കൂൾ തിരിച്ചേൽപ്പിക്കുന്നത് അപ്പോൾ ആലോചിക്കും. മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിച്ചാവും സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.

Content Highlights: Kerala Family Mourns Electrocution Death of Son