കള്ളനോട്ട് കേസിലെ പ്രതിയിൽ നിന്നും തിമിംഗലഛർദി എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി

കൊല്ലം: കള്ളനോട്ട് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള, മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽ നിന്ന് വൻതോതിൽ തിമിംഗിലഛർദ്ദി കണ്ടെത്തി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ(37)-ന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ ലോക്കറിൽ നിന്നാണ് 22.460 കിലോഗ്രാം തമിംഗിലഛർദ്ദി പള്ളിത്തോട്ടം പോലീസ് പിടിച്ചെടുത്തത്. വിപണിയിൽ 25 കോടിയോളം രൂപ വിലവരും. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് പള്ളിത്തോട്ടം എസ്.എച്ച്.ഒ. പ്രതിഭ.ജി.നായരുടെ നേതൃത്വത്തിലുള്ള സംഘം വാടിയിലെത്തി പരിശോധന നടത്തിയത്. സിബിയോണിന്റെ ഉടമസ്ഥതയിലുള്ള 10-ാം നമ്പർ ലോക്കറിന്റെ പൂട്ട് പൊളിച്ച് പരിശോധിച്ചപ്പോൾ ചാക്കുകെട്ടിൽ നാലു കവറുകളിലാക്കിയ നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. ഇവ സ്റ്റേഷനിലേക്ക് എത്തിച്ച ശേഷം അഞ്ചലിൽ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഫോറസ് ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമേ തിമിംഗിലഛർദ്ദിയാണെന്ന് ഉറപ്പിക്കുകയുള്ളു.
വെള്ളിയാഴ്ച രാത്രിയിലാണ് സിബിയോണിന്റെ വീട്ടിൽ നിന്ന് കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകളും 500 രൂപാനോട്ട് അച്ചടിക്കാനായി മുറിച്ച 892 പേപ്പർ കെട്ടുകളും നോട്ട് എണ്ണുന്ന മെഷീനുകളും പിടിച്ചെടുത്തത്. ഇയാൾ നിലവിൽ റിമാന്റിലാണ്. കള്ളനോട്ട് കേസിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
Content Highlights: 22.460 kg of suspected ambergris seized from a locker in Vadi Harbour, Kollam., The seized whale vomit is estimated to be worth around Rs 25 crore in the market., The locker belongs to Sibiyon, who was earlier arrested in a fake currency printing case., Pallithottam police conducted the raid and handed over the items to forest officials for verification.