ഓപ്പറേഷൻ നാളികേര; വ്യാജനെ പൊക്കാൻ ഭക്ഷ്യവകുപ്പ്, പിടികൂടിയത് 6500 ലിറ്റർ വെളിച്ചെണ്ണ

വെളിച്ചെണ്ണ നിറയ്ക്കുന്ന കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
വെളിച്ചെണ്ണ നിറയ്ക്കുന്ന കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കൊട്ടിയം:വ്യാജ ബ്രാൻഡുകളിൽ വെളിച്ചെണ്ണ നിർമിച്ച് വിൽപ്പന നടത്തുന്ന ഫാക്ടറിയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 6500-ഓളം ലിറ്റർ എണ്ണ പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി വിവിധ ലേബലുകളിൽ തയ്യാറാക്കി സൂക്ഷിച്ചിരുന്ന 5800 ലിറ്ററും ബാക്കി കവറുകളിൽ നിറയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന എണ്ണയുമാണ് പിടികൂടിയത്.

ഉമയനല്ലൂർ പാർക്ക് മുക്കിൽ നേതാജി ഗ്രന്ഥശാലയ്ക്ക് എതിർവശം പ്രവർത്തിക്കുന്ന എസ്എഎസ് ട്രേഡേഴ്സിൽനിന്നാണ് വെളിച്ചെണ്ണ പിടികൂടിയത്. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചു. പിടിച്ചെടുത്ത എണ്ണയും ഫാക്ടറിയും അധികൃതർ സീൽ ചെയ്തു. കേരസൂര്യ, കേരഹരിത എന്നീ ലേബലുകളുള്ള പാക്കറ്റ് വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. 

വെളിച്ചെണ്ണ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ നിലവാരംകുറഞ്ഞ വെളിച്ചെണ്ണ മാർക്കറ്റിലെത്തുമെന്നതിനാൽ ഭക്ഷ്യസുരക്ഷാവകുപ്പ് ‘ഓപ്പറേഷൻ നാളികേരയുടെ’ ഭാഗമായി വെളിച്ചെണ്ണ വിൽക്കുന്ന കടകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ ബ്രാൻഡുകളുടെ ലൈസൻസ് നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ കണ്ടെത്താനായത്.

ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമ്മിഷണർ വിനോദ്കുമാർ, ഭക്ഷ്യസുരക്ഷാവകുപ്പ് നോഡൽ ഓഫീസർ അനീഷ, ഇരവിപുരം ഓഫീസർ ധന്യ ശ്രീവത്സം, കൊല്ലം ഓഫീസർ ഷൈനി എന്നിവരടങ്ങിയ സംഘമാണ് വെളിച്ചെണ്ണ പിടികൂടിയത്.

Content Highlights: 6500 Liters of Adulterated Coconut Oil Seized in Kollam Factory Raid