കൊല്‍ക്കത്ത ബലാത്സംഗക്കൊല; വെള്ളിയാഴ്ച സംസ്ഥാനത്തും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും

തിരുവനന്തപുരം: കെല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ തുടര്‍നടപടികള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കും.
ഓള് ഇന്‍ഡ്യ ഫെഡറേഷന് ഓഫ് ഗവണ്മെന്റ് ഡോക്ടേഴ്സ് അസോസിയേഷന് ( AIFGDA) ദേശീയ തലത്തില്‍ കരിദിനമായി ആചരിക്കുമ്പോള്‍ കെജിഎംഒഎയും പ്രതിഷേധ ദിനത്തില്‍ പങ്കു ചേരും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കെ.ജി.എം.ഒ.എ ഓഗസ്റ്റ് 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിനും നടത്തും.
നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന് (കെ.എം.പി.ജി.എ) അറിയിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും.
Content Highlights: Kolkata doctor rape-murder case-government doctors protest