ഇരട്ട ജനനരഹസ്യം കണ്ടെത്താൻ മൂന്നുരാജ്യങ്ങൾക്കൊപ്പം പഠനത്തിൽ കൊടിഞ്ഞിയും; സാംപ്ളിങ് പൂർത്തിയായി

മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞിഗ്രാമത്തിൽ അസ്വാഭാവികമാംവിധം ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്നതിന്റെ രഹസ്യം തേടിയുള്ള ഗവേഷണത്തിന്റെ സാംപ്ളിങ് പൂർത്തിയായി. മറ്റുമൂന്നു രാജ്യങ്ങളിലെ സമാനസ്വഭാവമുള്ള സ്ഥലങ്ങളോടൊപ്പമാണ് കൊടിഞ്ഞിയും പഠനത്തിന് വിധേയമാവുന്നത്. സാംപിളുകളുടെ പരിശോധനയാണ് അടുത്ത ഘട്ടം. അത് വൈകാതെ നടക്കും. കൊടിഞ്ഞിയിൽ ഇപ്പോൾ 450-ൽ കൂടുതൽ ഇരട്ടകളുണ്ട്. ലോകത്തുതന്നെ ഏറ്റവുമധികം ഇരട്ടകളുള്ള നാടാണ് കൊടിഞ്ഞി.
നൈജീരിയയിലെ ഇഗ്‌ബോ ഓറ, ബ്രസീലിലെ കാൻഡിഡോ ഗോഡോക്, വിയറ്റ്‌നാമിലെ ഹംഗ് ഹീപ്പ് എന്നീ സ്ഥലങ്ങളോടൊപ്പമാണ് കൊടിഞ്ഞിയേയും പഠിക്കുന്നത്. താരതമ്യപഠനമായതിനാൽ, നൈജീരിയയിൽനിന്ന് പലകാരണങ്ങളാൽ സാംപിളുകൾ ലഭിക്കാൻ വൈകിയതാണ് പദ്ധതിമുഴുവൻ ഇത്രയുംനീണ്ടുപോകാൻ കാരണം. ഇനിവൈകാതെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2006-ൽ ഒരു സ്കൂളിലെ പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഇരട്ടകളുടെ കഥ പുറംലോകമറിഞ്ഞത്. ഒരു ക്ലാസ്സിൽത്തന്നെ എട്ടുജോഡി ഇരട്ടകളുള്ളത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചിലകുട്ടികൾ അത് ഒരു പ്രോജക്ടാക്കി മാറ്റുകയായിരുന്നു. അവരുടെ അന്വേഷണത്തിൽ ആ സ്കൂളിൽ മാത്രം 24 ജോഡി ഇരട്ടകളെ കണ്ടെത്തി. വൈകാതെ അന്വേഷണം ഗ്രാമത്തിലേക്ക് വ്യാപിച്ചു. 2008-ൽ നടത്തിയ സർവേയിൽ ഗ്രാമത്തിൽ 280 ജോഡി ഇരട്ടകളുണ്ടെന്ന് രേഖപ്പെടുത്തി.
2025-ൽ അത് 450-ൽ അധികമാണ്. ഇതിൽ സമാനതകളുള്ളവരും ഇല്ലാത്തവരുമുണ്ട്. ഇത് രാജ്യത്തെ മാത്രമല്ല, ലോകശരാശരിയേക്കാൾ അധികമാണെന്നാണ് കണ്ടെത്തിയത്. ലോകത്ത് ഇരട്ടകളുടെ ശരാശരി ആയിരത്തിൽ പന്ത്രണ്ടാണ്. ഇന്ത്യയിൽ അത് ഒൻപതാണെങ്കിൽ കൊടിഞ്ഞിയിൽ ആയിരത്തിൽ 45 ആണ്. ഇഗ്‌ബോ ഓറയിൽ മാത്രമാണ് ഇത്രയും ഇരട്ടകളുടെ ആധിക്യമുള്ളത്.
കൊടിഞ്ഞിയിലെ ഇരട്ടകൾ ആഗോളവിഷയമായതോടെ ഒട്ടേറേ ഗവേഷകർ കാരണത്തെക്കുറിച്ച് പഠിക്കാനെത്തി. സി.എസ്.ഐ.ആറിലെ മോളിക്യുലാർ ബയോളജി, കുഫോസിലെ ഫിഷറീസ് ആൻഡ് ഓഷ്യാനിക് സ്റ്റഡീസ്, ജർമനിയിലെ ട്യൂബിംഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിലെ ശാസ്ത്രസംഘങ്ങൾ ഇവിടെ പഠനം നടത്തി. നാട്ടുകാരുടെ ഡി.എൻ.എ. ശേഖരിച്ചു. ഭക്ഷണവും വെള്ളവും കാലാവസ്ഥയും ജീവിതരീതിയുമെല്ലാം വിശദമായി പഠിച്ചു.
ഇതിലെ ചില പഠനങ്ങളിൽ കണ്ടെത്തിയത് അണ്ഡോദ്പാദനസമയത്ത് ഒന്നിലധികം അണ്ഡങ്ങൾ പുറത്തുവിടുന്ന ‘ഹൈപ്പർ ഓവുലേഷൻ’എന്ന അവസ്ഥ ഇവിടത്തെ സ്ത്രീകളിൽ അധികം കാണുന്നുണ്ട് എന്നാണ്. എന്നാൽ അതിന്റെ കാരണങ്ങളൊന്നും മനസ്സിലായില്ല. ഇതിന് കാരണമാകുന്ന ഏതെങ്കിലും ഒരു പ്രത്യേക ജീനിനെ വേർതിരിച്ചെടുക്കാനും കഴിഞ്ഞിട്ടില്ല. ഇവിടേക്ക് കല്യാണംകഴിച്ചുവരുന്ന സ്ത്രീകളും ഇരട്ടകളെ പ്രസവിക്കുന്നുണ്ട് എന്നതാണ് ശാസ്ത്രജ്ഞരെ കുഴക്കിയ ഒരു പ്രശ്നം. ഏതായാലും സാംപിളുകളുടെ പഠനം കഴിയുന്നതോടെ കൊടിഞ്ഞിയുടെ ‘ഇരട്ടരഹസ്യം’വെളിപ്പെടുമെന്നാണ് കരുതുന്നത്.
2008-ൽ നാട്ടുകാർ ട്വിൻസ് ആൻഡ് കിൻസ് അസോസിയേഷൻ ഉണ്ടാക്കി. അടുത്തകാലത്ത് ഫ്ളിപ് കാർട്ട് അവരുടെ ബൈ വൺ ഗെറ്റ് വൺ വില്പനയ്ക്കായി കൊടിഞ്ഞിയിലെ ഇരട്ടകളെ പരസ്യമോഡലുകളാക്കിയിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി കഴിഞ്ഞവർഷം കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളെക്കുറിച്ചുനടത്തിയ പഠനത്തിൽ ഇവരിൽ 57.3 ശതമാനംപേരും ജനിച്ചത് വളർച്ചക്കുറവോടെയാണെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: Kodinhi holds the world record for the highest concentration of twins., Sampling for global comparative study with Nigeria, Brazil, and Vietnam is complete., Current data shows over 450 pairs of twins in the village as of 2025., Scientific theories point to 'hyper-ovulation' but no specific genetic cause identified yet., Research involves international institutions like CSIR and the University of London.