കൊച്ചിയെ ഇന്ത്യയിലെ മികച്ച നഗരമാക്കും -മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
കൊച്ചി നഗരം, മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രങ്ങൾ: മാതൃഭൂമി
കൊച്ചി നഗരം, മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രങ്ങൾ: മാതൃഭൂമി

കൊച്ചി: സമഗ്രമായ ആസൂത്രണത്തിലൂടെ കൊച്ചിയെ രാജ്യത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രന്റെ (വേണു) സേവനത്തിന്റ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചിയുടെ പുതിയ നല്ല വാർത്ത പറയാൻ ഇതിനേക്കാൾ നല്ലൊരു സദസ്സില്ല. ഇവിടെ നഗരത്തിന്റെ ഒരു പരിച്ഛേദം തന്നെയുണ്ട്. നഗരത്തിനു പുറത്താണ് വളർന്നതെങ്കിലും കൊച്ചി എന്റെ പ്രിയപ്പെട്ട നഗരമാണ്. കൊച്ചിയിലെ രാമൻതുരുത്തിലെ 18 ഏക്കർ കൊച്ചി കപ്പൽശാലയ്ക്ക് നൽകാൻ തീരുമാനമെടുത്തു. ഇതുവഴി 5000 കോടി രൂപയുടെ നിക്ഷേപമാണ് കപ്പൽശാല അവിടെ നടത്തുന്നത്.

നഗരത്തെ മെച്ചപ്പെടുത്തുന്നതിന്റെ പൈലറ്റ് പ്രോജക്ടിന് ഇൗമാസംതന്നെ തുടക്കമിടും. ലോകോത്തരമായ കടലിനടിയിലെ കാഴ്ചകൾ ആസ്വദിക്കുന്ന ഒാഷ്യനേറിയം വിദേശത്ത് കണ്ടിട്ടുണ്ട്. അത്തരമൊന്ന് കൊച്ചിയിലും വരും. അന്താരാഷ്ട്ര മാരിടൈം മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിൽ പണിയും.

കൊച്ചി കേന്ദ്രമായി ഒരു റിവർ ക്രൂയിസ് തുടങ്ങും. വിനോദസഞ്ചാരമേഖലയിൽ വലിയ സാധ്യതകളാണ് മുന്നിലുള്ളത്. കൊച്ചിയെ ഉന്നത നിലവാരത്തിൽ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനാകും എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം. കേരളത്തിൽ വിഭാവനം ചെയ്യുന്ന പോർട്ട് സിറ്റിയുടെ മേന്മ കൂട്ടുന്നതായിരിക്കും ഇൗ പദ്ധതികൾ-മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Chief Minister VD Satheesan announced plans to transform Kochi into India's top city. The initiatives include handing over 18 acres in Ramanthuruth to Cochin Shipyard, an oceanarium, and an international maritime museum.