'അര്‍ജന്റീന ടീം കൊച്ചിയിലെത്തുമെന്ന പ്രചാരണത്തിലൂടെ ദുരൂഹമായ ഇടപാടുകള്‍ നടന്നു'; ചോദ്യങ്ങളുമായി ഹൈബി ഈഡന്‍

ഹൈബി ഈഡൻ, കൊച്ചി സ്റ്റേഡിയം
ഹൈബി ഈഡൻ, കൊച്ചി സ്റ്റേഡിയം

കൊച്ചി: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിനെ കൊച്ചിയിലെത്തിക്കുന്നുവെന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന് ഹൈബി പറഞ്ഞു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്‌പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്ത് വിടണമെന്ന് ഹൈബി വെല്ലുവിളിച്ചു.

'കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് ഇവിടെ നിന്ന് അപ്രത്യക്ഷമായി. കേരള ബ്ലാസ്‌റ്റേഴ്‌സ് പോലും കൊച്ചിവിട്ടു പോകുന്നുവെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നു. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിരുന്ന വാടകയായിരുന്നു ജിഡിസിഐയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോള്‍ സ്‌റ്റേഡിയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്' ഹൈബി ഈഡന്‍ പറഞ്ഞു.

നിര്‍മാണ പ്രവൃത്തികള്‍ നടത്തി വരുന്ന കമ്പനികള്‍ക്കുള്ള യോഗ്യതയും ഹൈബി ചോദ്യം ചെയ്തു. സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റി. റോഡിലുള്ള മരങ്ങള്‍ സാധാരണ മുറിച്ചുമാറ്റുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിരവധി നിബന്ധനകളുണ്ട്. അത് പാലിച്ചിട്ടുണ്ടോയെന്ന ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.

ജിഡിസിഎയും സ്‌പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ എവിടെയെന്നും ഹൈബി ഈഡന്‍ ചോദിച്ചു. ആരുടെ മേല്‍നോട്ടത്തിലാണ് കരാര്‍ പണികള്‍ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: hibi Eden alleges financial irregularities in the Kochi stadium renovation, linked to Argentina team`svisit