വാടകക്കാർക്ക് പോലീസ് ചീട്ട് വേണ്ടാ ; നിർബന്ധമല്ല

Representative image|PHOTO:CANVA
Representative image|PHOTO:CANVA

കൊച്ചി : വീട് വാടകയ്ക്ക് നൽകാൻ വാടകക്കാരുടെ ആധാർ വിലാസത്തിലുള്ള പോലീസ് ക്ലിയറൻസ് സർട്ടി ഫിക്കറ്റ് (പി.സി.സി.) നിർബന്ധമല്ലെന്ന് പോലീസ്. വാടകയ്ക്കു വീട് നൽകുമ്പോൾ പി.സി.സി. നിർബന്ധമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. പലരും ഇതറിഞ്ഞ് പി.സി.സി. എടുക്കാനെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയത്. വാടകക്കാരുടെ ആധാർ വിലാസത്തിലുള്ള പി.സി.സി. വാങ്ങി നൽകണമെന്നത് നിയമപരമായി കർശനമാക്കിയിട്ടുള്ള ഒന്നല്ല സുരക്ഷ മുൻനിർത്തി മുൻകരുതലെന്ന നിലയിൽ രേഖ കരുതുന്നത് നല്ലതാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ക്ലിയറൻസ് നിർബന്ധമല്ല, മുൻകരുതൽമാത്രമാണ്

ഇത് നിർബന്ധമെന്ന പ്രചാരണം വ്യാജമാണ്.വലിയൊരു വിഭാഗം വീട്ടുടമകളും ഇപ്പോൾ പുതിയ വാടകക്കാരോട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. വാടകവീടുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന,സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വീട്ടുടമകൾ ഇത്തരമൊരു മുൻകരുതലിലേക്ക് കടക്കുന്നത്. ഒരാൾ മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഈ സർട്ടിഫിക്കറ്റ് ഉപകരിക്കും. പരിചയമില്ലാത്തവർക്ക് വീട് നൽകുമ്പോൾ ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത് നല്ലതാണെന്ന് വീട് വാടകയ്ക്ക് എടുത്തുനൽകുന്ന ഇബ്രാഹിം പറയുന്നു. നാളെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ വീട്ടുടമസ്ഥർ കുടുങ്ങാതിരിക്കാൻ ഇത്തരം രേഖകൾ ഉപകരിക്കും. കുറ്റകൃത്യങ്ങൾ നടന്നാൽ വീട്ടുടമയും പ്രതിയാകുമെന്നതിനാൽ ഭാവിയിലെ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങളെല്ലാം വാങ്ങിവെയ്ക്കുന്നത് ഗുണകരമാകുമെന്നാണ് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്.

Content Highlights: Police clearance certificate (PCC) is not legally mandatory for house tenants., Social media rumors regarding mandatory PCC for renting homes are false., Police recommend PCC only as an optional precautionary security measure., Landlords often request PCC voluntarily to prevent drug trafficking and financial frauds.