ദേശീയ ശുചിത്വ റാങ്കിങ്; കേരളത്തിൽ മുന്നിൽ കൊച്ചി, 50-ാം റാങ്ക്, ഗാർബേജ് ഫ്രീ സിറ്റി റേറ്റിങ്ങും

Photo: mathrubhumi archives
Photo: mathrubhumi archives

കൊച്ചി: കേന്ദ്ര മന്ത്രാലയ പാര്‍പ്പിട-നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷണില്‍ ദേശീയതലത്തില്‍ കൊച്ചി കോര്‍പ്പറേഷന് അന്‍പതാം റാങ്ക്. റാങ്കിങ്ങില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ കൊച്ചിയാണ്. 2023-ലെ സര്‍വേ പ്രകാരം ദേശീയതലത്തില്‍ 416-ാം സ്ഥാനത്തായിരുന്ന കൊച്ചി കോര്‍പ്പറേഷന്‍ ഈ വര്‍ഷം അന്‍പതാം സ്ഥാനത്തെത്തി.

നഗരശുചിത്വ സര്‍വേയുടെ ഒന്‍പതാം പതിപ്പായ സ്വച്ഛ് സര്‍വേക്ഷണ്‍ നാഷണല്‍ 2024 പ്രകാരമാണ് റാങ്കിങ്. ആദ്യമായാണ് കേരളത്തിലെ ഒരു നഗരം, ദേശീയതലത്തില്‍ 50-ാം സ്ഥാനത്തെത്തുന്നത്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഒന്‍പതാം പതിപ്പിന്റെ ഫലപ്രഖ്യാപനം രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിച്ചു.

ദേശീയ സ്വച്ഛ് സര്‍വേക്ഷന്‍ 2024, ഗാര്‍ബേജ് ഫ്രീ സിറ്റി റേറ്റിങ്, ഒഡിഎഫ് റേറ്റിങ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് കൊച്ചി നഗരസഭയ്ക്ക് റാങ്ക് ലഭിച്ചത്. മൂന്നുലക്ഷം മുതല്‍ പത്തുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി ദേശീയതലത്തില്‍ അന്‍പതാം സ്ഥാനം കരസ്ഥമാക്കിയത്. പൊതുജനാഭിപ്രായം, സേവനതല മികവ്, സര്‍ട്ടിഫിക്കേഷന്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചത്.

കേരളത്തില്‍നിന്ന് 94 നഗരങ്ങള്‍ ഉള്‍പ്പെടെ കണ്ണൂര്‍ കന്റോണ്‍മെന്റും സര്‍വേക്ഷനില്‍ പങ്കെടുത്തിരുന്നു. ഗാര്‍ബേജ് ഫ്രീ സിറ്റി റേറ്റിങ്ങില്‍ കൊച്ചിക്ക് വണ്‍ സ്റ്റാര്‍ റേറ്റിങ്ങും ലഭിച്ചു. ഗാര്‍ബേജ് ഫ്രീ സിറ്റി റേറ്റിങ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭകളില്‍ ഒന്നാണ് കൊച്ചി. ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യക്ഷമത, ശാസ്ത്രീയമായ ശേഖരണവും തരംതിരിക്കലും, പുനരുപയോഗവും സംസ്‌കരണ സംവിധാനങ്ങളും, പൊതുജന പങ്കാളിത്തം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎഫ്‌സി സ്റ്റാര്‍ റേറ്റിങ് നിശ്ചയിച്ചത്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള സ്റ്റാര്‍ റേറ്റിങ്ങുകള്‍, നഗരസഭയുടെ സമഗ്രമായ മാലിന്യ നിര്‍മാര്‍ജനത്തെയും ശുചിത്വ സംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് നല്‍കുന്നത്. ഒഡിഎഫ് റേറ്റിങ്ങില്‍ കൊച്ചി ഒഡിഎഫ് പ്ലസ് പ്ലസും കൈവരിച്ചു.

Content Highlights: Kochi Corporation achieves 50th rank in Swachh Survekshan 2024, topping Kerala