'കുട്ടികൾ പറഞ്ഞത് എന്റെ മനസ്സിൽ തറച്ചു'; പി&ടി ഫ്ലാറ്റിലെ ദുരിതജീവിതത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

കൊച്ചി: കൊച്ചിയിലെ പി & ടി കോളനിയിലെ നിവാസികൾക്കായി സർക്കാർ നിർമ്മിച്ച ഫ്ലാറ്റുകളിലെ ദുരവസ്ഥയെ കുറിച്ച് മാതൃഭൂമി ഡോട്ട്കോം പുറത്തുവിട്ട വാർത്തയെത്തുടർന്ന് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. ഫ്ലാറ്റിലെ കുട്ടികൾ പങ്കുവെച്ച ഹൃദയഭേദകമായ അനുഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ ഇടപെട്ടത്.
കൊച്ചിയിലെ പി & ടി അപ്പാർട്ട്മെന്റിലെ അന്തേവാസികളുടെ നരകതുല്യമായ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോം പുറത്തുവിട്ട വീഡിയോ റിപ്പോർട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെടുകയായിരുന്നു. വീഡിയോയിൽ കുട്ടികൾ പറഞ്ഞ വാക്കുകൾ തന്റെ മനസ്സിൽ തറച്ചതായി മുഖ്യമന്ത്രി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
സർക്കാർ ലെെഫ് മിഷന്റെ ഭാഗമായി നിർമിച്ച് നൽകിയ പുതിയ ഫ്ലാറ്റിൽ എങ്ങനെയാണ് ഇത്രയും ഗുരുതരമായ ചോർച്ചയുണ്ടായതെന്നും നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്നും പരിശോധിക്കാൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ അനാസ്ഥയുടെയും കൊള്ളരുതായ്മയുടെയും ഫലമാണ് ഇന്ന് ഫ്ലാറ്റിലെ അന്തേവാസികൾ അനുഭവിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ഇവരെ പുനരധിവസിപ്പിക്കാനുള്ള കാര്യവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൊച്ചി എം.എൽ.എ ഷിയാസും അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചതായും ഷിയാസ് മാതൃഭൂമിഡോട്ട്കോമിനോട് പറഞ്ഞു. 'സന്തോഷഭവനം' എന്ന് പേരിട്ട് 2024 ജനുവരി 31-ന് ഉദ്ഘാടനം ചെയ്ത ഫ്ലാറ്റിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ചോർച്ച തുടങ്ങിയതായി അന്തേവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു.
ബാത്റൂമിൽ നിന്നുള്ള ചോർച്ച; ഭക്ഷണത്തിലും കിടക്കയിലും മലിനജലം
സർക്കാർ നിർമിച്ച് നൽകിയ ഫ്ലാറ്റുകളിലെ ജീവിതം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് അവിടുത്തെ അന്തേവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മുകളിലത്തെ നിലയിലെ ബാത്റൂമുകളിൽ നിന്നുള്ള മലിനജലം താഴത്തെ നിലയിലെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കും നേരിട്ട് ചോർന്നൊലിക്കുകയാണ്. മുകളിലത്തെ വീട്ടിലെ ബാത്റൂമിൽ നിന്നുള്ള വെള്ളം ഭക്ഷണത്തിൽ വീഴുമ്പോൾ അത് കഴിക്കാൻ പോലും പറ്റില്ല എന്ന് ഒരു കുട്ടി സങ്കടത്തോടെ പറയുന്നു.
പല വീടുകളിലും പാചകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയാണ്. വെള്ളം ചോരുന്നത് തടയാൻ ബക്കറ്റുകളും കപ്പുകളും വെച്ച് രാത്രി മുഴുവൻ ഉറക്കമൊഴിച്ച് കാവലിരിക്കേണ്ടി വരുന്ന കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും സാധിക്കുന്നില്ല.
വിദ്യാഭ്യാസം പാതിവഴിയിൽ; മാനസികമായി തകരുന്ന കുട്ടികൾ
ഈ ഫ്ലാറ്റിലെ 65-ഓളം വരുന്ന കുട്ടികളുടെ ഭാവി ഇന്ന് അനിശ്ചിതത്വത്തിലാണ്. നനഞ്ഞതും അഴുക്കുപുരണ്ടതുമായ വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ പോകുമ്പോൾ സഹപാഠികൾ കളിയാക്കുമോ എന്ന ഭയത്തിലാണ് ഇവർ. 15 ദിവസത്തിലേറെയായി നിരന്തരം ക്ലാസ്സിൽ വരാത്ത കുട്ടികളെ അന്വേഷിച്ച് സ്കൂൾ അധികൃതർ എത്തുമ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്.
തകരുന്ന കെട്ടിടങ്ങൾ; കാത്തിരിക്കുന്നത് വലിയൊരു ദുരന്തമോ?
കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ വലിയൊരു ദുരന്തത്തിലേക്ക് വിരൽചൂണ്ടുന്നു. വാട്ടർ ടാങ്കുകൾ അടിഭാഗം പൊട്ടി ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഭിത്തികളിലൂടെ വെള്ളം ഇറങ്ങുന്നതിനാൽ ഷോക്കേൽക്കുമോ എന്ന ഭയവും നിലനിൽക്കുന്നു. വൈദ്യുത ലൈനുകൾ കെട്ടിടത്തിന് വളരെ അടുത്തായതിനാൽ കാറ്റും മഴയും ഉണ്ടാകുമ്പോൾ തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും അന്തേവാസികൾ ഭയപ്പെടുന്നുണ്ട്. ജില്ലാ കളക്ടർ അവധി പ്രഖ്യാപിക്കുന്ന മഴദിവസങ്ങളിൽ പുറത്തിറങ്ങാൻ കഴിയാതെ ഈ ജീർണ്ണിച്ച കെട്ടിടത്തിനുള്ളിൽ കഴിയേണ്ടി വരുന്നത് വലിയൊരു ഭീതിയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
അധികാരികളുടെ അനാസ്ഥ
മുൻ സർക്കാരിന്റെ കാലത്ത് ജി.സി.ഡി.എ (GCDA), കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഈ പദ്ധതി വെറും പ്രഹസനമായി മാറിയെന്നാണ് ഉയരുന്ന ആക്ഷേപം. ഒരു ജനതയെ സുരക്ഷിതമായി താമസിപ്പിക്കാൻ എന്ന പേരിൽ കൊണ്ടുവന്ന പദ്ധതി അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും അറിവോടെ നടന്ന ഈ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ നടപടി വേണമെന്ന പി & ടി അപ്പാർട്ട്മെന്റ് നിവാസികളുടെ ആവശ്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടിരിക്കുന്നത്.
Content Highlights: CM orders a vigilance probe into the Kochi P&T Colony housing project after reports of severe structural defects and leakage.