രാത്രി ആഘോഷങ്ങളുടെ എണ്ണം കൂടി: പാർട്ടികൾ നീളുന്നത് പുലർച്ചെവരെ; ഡി.ജെ.യ്ക്ക് പോലീസിന്റെ നിയന്ത്രണം

#രാജേഷ് ജോർജ്
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

കൊച്ചി: ലഹരിക്കേസുകളിലെ വർധനയും ക്രമസമാധാന ലംഘനവും പതിവായതോടെ നഗരത്തിലെ രാത്രി ജീവിതത്തെ ത്രസിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് ഒടുവിൽ പോലീസിന്റെ നിയന്ത്രണം. ബാറുകൾ 12-വരെ പ്രവർത്തിക്കുമ്പോഴും ഡി.ജെ. പാർട്ടികൾ കൃത്യം 11-നു തന്നെ അവസാനിപ്പിക്കണമെന്നാണ് നിർദേശം. ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയതിനനുസരിച്ച് ഡി.ജെ.യുടെ സമയക്രമവും വർധിപ്പിച്ചിരുന്നു. എപ്പോഴും സജീവമായി നിലനിൽക്കുന്ന ഭക്ഷണത്തെരുവുകളും രാത്രികൂട്ടായ്മകളും അതോടനുബന്ധിച്ചുള്ള വ്യാപാരങ്ങളും നഗരത്തിൽ കൂടി. അതിനസുരിച്ച് ക്രമസമാധാന പ്രശ്നങ്ങളുമേറി. ഈ സാഹചര്യത്തിലാണ് സമയനിഷ്ഠ കൊണ്ടുവന്നത്.

എം.ഡി.എം.എ., മെത്താംഫെറ്റമിൻ തുടങ്ങിയ ലഹരി മരുന്നുകളുടെ വിപണനവും ക്രമാതീതമായി ഉയർന്നു. ഹെറോയിൻ ഉപയോഗവും കൂടി. ഇതാണ് രാസലഹരിക്കേസുകളുടെ അന്വേഷണച്ചരട് ഡി.ജെ. പാർട്ടികളിലേക്കും ചെന്നെത്തുന്ന കർശന നിയന്ത്രണത്തിന് പോലീസിനെ പ്രേരിപ്പിച്ചത്. അവധിക്കാലമായതിനാൽ, പാർട്ടികളും പങ്കെടുക്കുന്നവരുടെ എണ്ണവും കുതിച്ചുയർന്നു. പാർട്ടികഴിഞ്ഞ് നഗരത്തിലൂടെ ബൈക്കുകളിൽ ചീറിപ്പായുന്നവരുണ്ട്. പല കോണുകളിൽനിന്ന് പരാതികൾ കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണം.

ലഹരിക്കേസുകളിൽ പിടികൂടുന്നവരിൽ ഭൂരിഭാഗംപേരും നൽകുന്ന മറുപടി ഡി.ജെ. പാർട്ടികൾക്കായി എത്തിച്ചതാണെന്നതാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് നഗരത്തിൽ ഡി.ജെ.കൾ കൂടുതലായി നടക്കുന്നത്. 100-മുതൽ 150-പേർ വരെയോ അതിലധികമൊ ആളുകൾ ഓരോയിടത്തും എത്തുന്നുണ്ട്. പാർട്ടിക്കെത്തുന്നവരുടെ തിരിച്ചറിയൽരേഖയും നിഷ്കർഷിച്ചിട്ടുള്ള പ്രായപരിധിയും ബൗൺസർമാർ പരിശോധിക്കുന്നുണ്ട്. എന്നാൽ ലഹരി വസ്തുക്കളുണ്ടോയെന്നത് കണ്ടെത്താൻ പലപ്പോഴും ഇവർക്ക് കഴിയുന്നില്ല. ഡി.ജെയ്ക്കെത്തുന്നവർക്ക് ലഹരിനൽകുന്ന സംഘങ്ങളും പാർട്ടികളിൽ എത്തുന്നുണ്ട്. നഗരത്തിൽ 20-ഓളം ഇടത്ത് ഡി.ജെ. പാർട്ടികൾ നടക്കുന്നതായാണ് വിവരം. ഇവിടങ്ങളിലെല്ലാം ഷാഡോ പോലീസ് നിരീക്ഷണവും എത്തില്ല. പുലർച്ചെവരെ നീളുന്ന പാർട്ടികൾ ഗുരുതരമായ ഭവിഷത്തുകളുണ്ടാക്കുന്നതിനാലാണ് ഇപ്പോൾ നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്.

50-ലധികം കേസുകൾ

ഏതാനും മാസങ്ങൾക്കിടെ നഗരത്തിലെ ഡി.ജെ. പാർട്ടിയുമായി ബന്ധപ്പെട്ട് 50-ലധികം കേസുകൾ പോലീസെടുത്തിട്ടുണ്ട്. പാർട്ടികഴിഞ്ഞ് ഇറങ്ങിയവർ അപകടത്തിൽ മരിച്ച സംഭവമുണ്ടായിട്ടുണ്ട്. കടവന്ത്രയിലെ ബാറിൽ പാർട്ടിക്കിടെ ഗുണ്ടാസംഘാംഗങ്ങൾ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്ത ബാർ ജീവനക്കാരെയും ബൗൺസർമാരെയും സംഘം മർദിച്ചതും പാർട്ടിനടക്കുന്ന ഹോട്ടലിൽ കത്തിക്കുത്തുണ്ടായതും കൊച്ചിയിലാണ്.

Content Highlights: Kochi police restrict DJ parties to 11 PM to curb drug abuse and rising crime. The new safety measures and impact on city nightlife today.