കൊച്ചി മെട്രോ രണ്ടാംഘട്ടം; 2027 ജൂണിൽ പൂർത്തിയാകും, ഓഗസ്റ്റിൽ സർവീസ് തുടങ്ങും

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ കൂടുതൽ വേഗമാർന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും 2027 ജൂണോടെ പാതയുടെ നിർമാണം പൂർത്തിയാക്കുകയും തുടർന്ന്, കമ്മിഷനിങ് നടപടികൾ പൂർത്തിയാക്കി 2027 ഓഗസ്റ്റോടെ സർവീസ് ആരംഭിക്കുകയുമാണ് ലക്ഷ്യമെന്നും കെ.എം.ആർ.എൽ. അറിയിച്ചു.
പ്രതിദിനം 25 മുതൽ 30 മീറ്റർ വരെ പാത നിർമാണം പൂർത്തിയാക്കുന്നുണ്ടെന്നും കെ.എം.ആർ.എൽ. അറിയിച്ചു. മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെ ഇത് 55 മീറ്ററായി വർധിപ്പിച്ച് നിർമാണവേഗം ഗണ്യമായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. കുറഞ്ഞ കാലയളവിനുള്ളിൽ രണ്ടാംഘട്ട പദ്ധതിയുടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈൽ ക്യാപ് നിർമാണം ഉൾപ്പെടെയുള്ള എല്ലാ ഫൗണ്ടേഷൻ ജോലികളും പൂർത്തിയായി. പാതയ്ക്കായുള്ള പൈലിങ് ജോലികളുടെ ഏകദേശം 85 ശതമാനവും പൂർത്തീകരിച്ചു. കൂടാതെ യു-ഗർഡറുകളും ഐ-ഗർഡറുകളും ഉൾപ്പെടുന്ന ഏകദേശം 3.5 കിലോമീറ്റർ സൂപ്പർസ്ട്രക്ചർ സ്ഥാപിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.
പാതയുടെ അലൈൻമെന്റിൽ നിരവധി നിർണായക യൂട്ടിലിറ്റികൾ സ്ഥിതിചെയ്തിരുന്നതിനാൽ വിവിധ ഏജൻസികളുമായി വിശദമായ ഏകോപനവും പ്രത്യേക എൻജിനിയറിങ് പരിഹാരങ്ങളും ആവശ്യമായിവന്നു.
പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ വിദേശ ധനസഹായത്തിന് അനുമതികൾ ലഭിക്കാൻ ഏകദേശം ഒന്നരവർഷത്തോളം വൈകിയത് പ്രവർത്തനത്തെ ബാധിച്ചിരുന്നു. എന്നിരുന്നാലും, അനുമതികൾ ലഭിക്കുന്നതുവരെ പദ്ധതി തയ്യാറെടുപ്പുകൾ, ഡിസൈൻ പ്രവർത്തനങ്ങൾ, ഏകോപന നടപടികൾ എന്നിവ കെ.എം.ആർ.എൽ. തുടർച്ചയായി മുന്നോട്ടുകൊണ്ടുപോയിരുന്നു.
പൈപ്പ് ലൈൻ ജങ്ഷൻ മുതൽ പടമുകൾ വരെയുള്ള സിവിൽ ലൈൻ ഭാഗത്ത് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പൈപ്പ് ലൈനിന്റെ സാന്നിധ്യം നിർമാണപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു. ബന്ധപ്പെട്ട ഏജൻസി 2026 ജനുവരി 1-ന് പൈപ്പ് ലൈൻ മാറ്റിസ്ഥാപിച്ചതിനുശേഷമാണ് ഈ ഭാഗത്തെ പൈലിങ്, തൂൺ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത്.
യൂട്ടിലിറ്റി പരിശോധനകൾക്കിടെ കേരള വാട്ടർ അതോറിറ്റിയുടെ നിരവധി പൈപ്പുകൾ ഫൗണ്ടേഷൻ ഭാഗങ്ങളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇതുമൂലം ഡിസൈൻ പരിഷ്കാരങ്ങളും വിപുലമായ ഏകോപന നടപടികളും ആവശ്യമായിവന്നു. നിലവിൽ ഈ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗത്തും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. നിർമാണത്തിന് ആവശ്യമായ ഭൂമി 2024 ഡിസംബറിലാണ് കെ.എം.ആർ.എല്ലിന് കൈമാറിയത്.
അവസാനഭാഗം ലഭിച്ചതാകട്ടെ, മാർച്ച് 2026-ലും. ചില സ്ഥലങ്ങളിൽ കോടതിക്കേസുകൾ തുടരുകയും ചെയ്തു. കൂടാതെ വിവിധ വലുപ്പത്തിലുള്ള കേരള വാട്ടർ അതോറിറ്റി പൈപ്പുകളും 220 കെ.വി., 11 കെ.വി. വൈദ്യുതി ലൈനുകൾ ഉൾപ്പെടെയുള്ള കെ.എസ്.ഇ.ബി. സംവിധാനങ്ങളും മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാൽ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടിവന്നു. ഈ ഭാഗത്തെ പൈലിങ് ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്.
Content Highlights: Kochi Metro Phase 2 construction update: Project completion targeted for June 2027 with operations starting August 2027.