“കീറ്റപ്പാ... എനിക്കിനി ആരാ ഉള്ളത്...”പൊള്ളുന്ന വേദനയിൽ മേരി കണ്ടു കീറ്റപ്പനെ

കൊച്ചി : “കീറ്റപ്പാ... എനിക്കിനി ആരാ ഉള്ളത്...” മേരിക്കുട്ടി വിതുമ്പി, ഇടംകൈ കൊണ്ട് കണ്ണുകളിൽ അമർത്തി. വീൽച്ചെയറിലിരുന്ന് അവർ ഭർത്താവിന്റെ മുഖം കണ്ടു. പൊള്ളലേറ്റ വലംകൈയിലെയും നെഞ്ചിലെയും വേദനയെക്കാൾ പൊള്ളലുണ്ടായിരുന്നു മേരിക്കുട്ടിയുടെ ഉള്ളത്തിൽ. ആശുപത്രിയിൽ മേരിക്കുട്ടിയെ ആശ്വസിപ്പിക്കാനെത്തിയ ബന്ധുക്കളുടെ ഉള്ളും ആ കാഴ്ചയിൽ പൊള്ളി.
അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് ദേഹമാസകലം പൊള്ളലേറ്റ് പച്ചാളം ലൂർദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ക്രിസ്റ്റഫർ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. ക്രിസ്റ്റഫറിന്റെ മൃതദേഹം ഐസിയുവിൽനിന്ന് മോർച്ചറിയിലേക്ക് മാറ്റുംമുന്നേ അതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മേരിക്കുട്ടിയെ കാണിക്കാൻ തീരുമാനിച്ചിരുന്നു. വലതു കൈക്കും നെഞ്ചിനും പൊള്ളലേറ്റ മേരിക്കുട്ടിയെ വീൽച്ചെയറിലാണ് ഐസിയുവിനു മുന്നിലേക്ക് കൊണ്ടുവന്നത്. ക്രിസ്റ്റഫറിന് വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു അതുവരെ മേരിക്കുട്ടി കരുതിയിരുന്നത്.
17 വർഷം മുൻപ് കല്യാണം കഴിഞ്ഞ ക്രിസ്റ്റഫറിനും മേരിക്കുട്ടിക്കും മക്കളില്ലായിരുന്നു. ‘‘അവര് നല്ല കൂട്ടുകാരായിരുന്നു, എപ്പോഴും ഒരുമിച്ചാണ് പോക്കും വരവുമൊക്കെ. മേരിക്കുട്ടി ക്രിസ്റ്റഫറിനെ കീറ്റപ്പനെന്നാണ് വിളിച്ചിരുന്നത്’’ - അയൽവാസിയായ ലാർസൻ പറഞ്ഞു. ഇരുവരും ചെറിയ വീട്ടിൽ നിറയെ പ്രാവുകളെയും തത്തകളെയും മീനുകളെയുമെല്ലാം വളർത്തിയിരുന്നു. മുറ്റത്തും മതിലിലും നിറയെ ചെടികളും. അതിലായിരുന്നു ഇരുവരും സന്തോഷം കണ്ടെത്തിയിരുന്നത്.
എട്ടുമാസം മുൻപ് അയൽവാസികൾക്കൊപ്പം ഇരുവരും വാഗമണിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അവർ അയൽവാസികളോട് പറഞ്ഞു - 'നോക്കിക്കോ ഞങ്ങളിനി ഒരുപാട് യാത്രകൾ പോകും...'
വെള്ളിയാഴ്ച രാത്രി പള്ളിപ്പെരുന്നാളിന്റെ ഭാഗമായ കുർബാനയ്ക്ക് ഇരുവരും ഒരുമിച്ച് സ്കൂട്ടറിൽ പോയിവരുമ്പോഴായിരുന്നു അയൽവാസിയായ വില്യംസ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. മേരിക്കുട്ടിയുടെ വലതുകൈക്കുള്ള പൊള്ളൽ ആഴത്തിലുള്ളതായതിനാൽ ശസ്ത്രക്രിയ നടത്തണം. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനിരിക്കേയാണ് ക്രിസ്റ്റഫറിന്റെ മരണം.
നെഞ്ചിലും കൈകളിലും തുടകളിലും ആഴത്തിൽ പൊള്ളലേറ്റിരുന്ന ക്രിസ്റ്റഫർ പച്ചാളം ലൂർദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്നു. 55 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു മരണം.
ആദ്യകാലത്ത് സ്കൂട്ടർ മെക്കാനിക്കായിരുന്ന ക്രിസ്റ്റഫർ സമീപകാലത്ത് വാർക്കപ്പണിക്ക് പോയിരുന്നു. വടുതല ഗോൾഡൻ സ്ട്രീറ്റ് റോഡിൽ താമസിച്ചിരുന്ന ക്രിസ്റ്റഫറും മേരിക്കുട്ടിയും ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയെത്തവേയായിരുന്നു സംഭവം. അയൽവാസിയായ വടുതല പൂവത്തിങ്കൽ വീട്ടിൽ വില്യംസ് കൊറയ (52) ഇവരെ തടഞ്ഞുനിർത്തി ജഗ്ഗിൽ കരുതിയിരുന്ന പെട്രോൾ ക്രിസ്റ്റഫറിന്റെ ദേഹത്തേക്ക് ഒഴിച്ചശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മേരിയുടെ ദേഹത്തേക്കും പെട്രോൾ വീണിരുന്നു. തീപടരുന്നതിനിടെ മേരിയുടെ കൈക്കും പൊള്ളലേറ്റു.
തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ ക്രിസ്റ്റഫറിന്റെയും മേരിയുടെയും ദേഹത്തേക്ക് അയൽവാസികളാണ് വെള്ളമൊഴിച്ചും ചാക്കുകൊണ്ടടിച്ചും തീകെടുത്തിയത്. ഇതിനുശേഷം ലൂർദ് ആശുപത്രിയിൽ എത്തിച്ചു. സംഭവശേഷം വില്യംസ് കൊറയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ സംസ്കാരം ശനിയാഴ്ച കഴിഞ്ഞു.
ക്രിസ്റ്റഫറും വില്യംസും തമ്മിൽ വർഷങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്യംസ് മാലിന്യവും മനുഷ്യവിസർജ്യവും എറിഞ്ഞതോടെ ക്രിസ്റ്റഫർ സിസിടിവി സ്ഥാപിച്ചു. ഇതിന്റെ പേരിലായിരുന്നു സമീപകാലത്ത് വഴക്കുണ്ടായിരുന്നത്.
ലൂർദ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ ക്രിസ്റ്റഫറിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 8-ന് പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുകിട്ടിയ ശേഷം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
Content Highlights: Kochi man died from burns after a neighbor set him and his wife on fire.