വെള്ളപുതപ്പിച്ച്, പൂക്കൾ വിതറി അമ്മയുടെ മൃതദേഹം; സഹോദരങ്ങളെ മരണത്തിലേക്ക് നയിച്ചത് അമ്മയുടെ വേർപാടോ?

#സ്വന്തം ലേഖിക
മനീഷ് വിജയും കുടുംബവും
മനീഷ് വിജയും കുടുംബവും

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ്‌യേയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍ ബാക്കിയാവുന്നു. ഇക്കഴിഞ്ഞ ദിവസമാണ് മനീഷ് വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍, സഹോദരി ശാലിനി വിജയ് എന്നിവരെ കാക്കനാട്ടെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപേക്ഷിച്ച അവധി കഴിഞ്ഞും മനീഷ് ഓഫീസിലേക്ക് എത്താതിരിക്കുകയും ഫോണ്‍കോളുകള്‍ക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് സഹപ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്നിടത്തേക്ക് അന്വേഷിച്ചെത്തിയത്. പിന്നാലെ, മൂവരെയും ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാലഞ്ച് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. വെള്ള പുതപ്പിച്ച്, ചുറ്റും പൂക്കള്‍ വിതറിയ നിലയിലാണ് എണ്‍പത് വയസുകാരിയായ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടന്നിരുന്നത്. അടുത്ത മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് മറ്റ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശികളായ യു.സി. വിജയ്ക്കും ശകുന്തള അഗര്‍വാളിനും നാല് മക്കളാണ് ഉണ്ടായിരുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ വിജയ് മരണപ്പെട്ടതോടെ അമ്മയായിരുന്നു മക്കള്‍ക്കെല്ലാം. ശാലിനിയുടെയും മനീഷിന്റെയും മറ്റ് രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു, ഒരു സഹോദരി കല്യാണം കഴിച്ച് വിദേശത്താണ്.

അവിവാഹിതരായിരുന്നു ശാലിനിയും മനീഷും. അതുകൊണ്ടുതന്നെ അമ്മയുമായി ഏറെ അടുപ്പത്തിലായിരുന്നു ഇരുവരും. അമ്മയെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്ന ശാലിനിക്കും മനീഷിനും ശകുന്തളയുടെ മരണം താങ്ങാന്‍ സാധിക്കാതെ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങളോടെയാണ് ശകുന്തളയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നത് ആ സാധ്യത സാധൂകരിക്കുന്നു. മനീഷിന്റെ മുറിയില്‍ നിന്ന് ഹിന്ദിയിലെഴുതിയ ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വിദേശത്തുള്ള സഹോദരിയെ തങ്ങളുടെ മരണവിവരമറിയിക്കണമെന്ന് കുറിച്ചിട്ടുണ്ട്.

ഇതിന് പുറമേ, ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി വിവരമുണ്ട്. ഇക്കാരണവും ഇവരെ ആത്മഹത്യയിലേക്ക് നയിച്ചുവോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് അടുപ്പമുള്ളവര്‍ ആവശ്യപ്പെടുന്നു. 2006-ല്‍ ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആദ്യം ജാര്‍ഖണ്ഡ് പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ല്‍ സിബിഐ ഏറ്റെടുത്തു. 12 വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 

കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ റാങ്ക് പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ കൃത്യത്തിന് പിന്നിലെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡിലേക്ക് പോവുകയാണെന്ന് കാണിച്ചാണ് മനീഷ് ഓഫീസില്‍ നിന്ന് ഒരാഴ്ച്ചത്തെ അവധിയെടുത്തിരുന്നത്. എന്നാല്‍ അവധി അവസാനിച്ചിട്ടും ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ജോലിയില്‍ കൃത്യനിഷ്ഠത പാലിച്ചിരുന്ന മനീഷ് അവധി കഴിഞ്ഞും ജോലിയില്‍ തിരികെ പ്രവേശിക്കാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തേക്ക് തേടിയെത്തിയത്. 

അതേസമയം, സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്ക് പ്രദേശത്ത് നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി പറയപ്പെടുന്നു. മൃഗങ്ങള്‍ വല്ലതും ചത്തുകിടക്കുന്നതായാണ് സമീപവാസികളും ആദ്യം കരുതിയിരുന്നത്. സഹപ്രവര്‍ത്തകരും മറ്റും എത്തിയതിന് പിന്നാലെ നാട്ടുകാരും ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്. ക്വാട്ടേഴ്‌സിലെ അടുക്കളയില്‍ ചില രേഖകള്‍ കത്തിച്ചു കളഞ്ഞതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചതായും വിവരമുണ്ട്. 

ഒന്നര വര്‍ഷത്തോളമായി കാക്കനാട് താണപാടം - പടമുകള്‍ റോഡിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് താമസം തുടങ്ങിയിട്ട്. കേസ് വന്നതിനുശേഷം മാസങ്ങള്‍ക്ക് മുമ്പാണ് സഹോദരിയും അമ്മയും മനീഷിനൊപ്പം താമസിക്കാനെത്തിയത്. മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവില്‍ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലേക്കെത്തിയത്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മനീഷും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്ന് സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു. 

ആരോടും ഇടപഴകാത്ത, ഒതുങ്ങിയ പ്രകൃതമായിരുന്നു മനീഷിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് ആര്‍ക്കും ധാരണയില്ല. അമ്മയെയും സഹോദരിയെയും വീടിന് പുറത്തുകാണുന്നത് വിരളമായിരുന്നു. പ്രാര്‍ഥിക്കാനായി സിറ്റൗട്ടിലേക്ക് എത്തുമ്പോള്‍ മാത്രമാണ് മനീഷിന്റെ പ്രായമായ അമ്മയെ കണ്ടിട്ടുള്ളതെന്ന് അയല്‍വാസികള്‍ പറയുന്നു. അതിനാല്‍ വീട്ടില്‍നിന്ന് ആളനക്കമില്ലാതായിട്ടും ആര്‍ക്കും അസ്വാഭാവികത തോന്നിയില്ല. മനീഷിന്റെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ഇടയ്ക്ക് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ അദ്ദേഹം കുടുംബത്തിനൊപ്പം തീര്‍ഥയാത്രകള്‍ പോകാറുണ്ട്.

വിദേശത്ത് നിന്നും സഹോദരി ത്തെിയതിന് ശേഷമേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളൂ. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലും ഒരാളുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 

Content Highlights: Kochi Family Mystery: GST Officer, Mother, Sister Found Dead