ഭയം, അപമാനം, നിസ്സഹായത… അവളുടെ ദുരിതങ്ങള്‍ ഓര്‍മ്മിപ്പിച്ച് കോടതി; പ്രതികളുടെ പ്രായവും പരിഗണിച്ചു

കൊച്ചി: അതിജീവിതയ്ക്ക് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിധിപ്രസ്താവത്തിനിടെ ഓര്‍മ്മിപ്പിച്ച് വിചാരണക്കോടതി. പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യംചെയ്യുന്നതായിരുന്നു. ഇത് പരിഗണിക്കാതിരിക്കാന്‍ കോടതിക്ക് കഴിയില്ല. സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു. ഭയത്തിലേക്കും അപമാനത്തിലേക്കും നിസ്സഹായാവസ്ഥയിലേക്കുമാണ് പ്രതികള്‍ തള്ളിവിട്ടത്. അതിജീവിതയ്ക്കുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഹണി എം. വര്‍ഗീസായിരുന്നു ജഡ്ജി.
നിര്‍ഭയ കേസിലെ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും കോടതി പരാമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തെയാകെ ബാധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്.
കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണം. പ്രതികളുടെ പ്രായം, അവരുടെ കുടുംബസാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിച്ചു. 40 വയസ്സില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.
Content Highlights: actress assault case-Kochi Court's Verdict: Upholding Dignity Amidst Victim's Trauma