കുഞ്ഞ് കിയാൻ സുരക്ഷിതൻ; വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

#സ്വന്തം ലേഖിക
കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍
കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍

കൊച്ചി: കൊച്ചിയിൽ തട്ടുകടക്ക് സമീപം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. പത്ത് ദിവസം പ്രായമായ കുഞ്ഞിന് കിയാൻ എന്നാണ് പേരിട്ടത്. കുണ്ടന്നൂരിലെ തട്ടുകടയക്ക് സമീപമാണ് ജനിച്ചയുടൻ കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചത്. ഇവരുടെ സുഹൃത്താണ് സംഭവം പോലീസിൽ വിളിച്ചറിയിച്ചത്.

അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്. മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെയും കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച പുതിയകാവ് സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടും അനാരോഗ്യവും മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നതെന്ന് യുവതി പോലീസിന് മൊഴി നൽകുകയായിരുന്നു. തുടർന്ന് ഇരുവരേയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. പൊക്കിൾകൊടിയിൽ ചെറിയ അണുബാധ ഉണ്ടായിരുന്നെങ്കിലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചുവെന്നും കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് തന്നെയാണ് ഈ വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുംവഴി ചായ കുടിക്കാൻ തട്ടുകടയിൽ കയറിയപ്പോൾ കരച്ചിൽകേട്ട് നോക്കിയപ്പോൾ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെന്നാണ് ഇയാൾ പറഞ്ഞത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി. യുവാവിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

Content Highlights: 10-day-old infant found abandoned near Kundannoor service road., Child named Kian is currently in stable health at Ernakulam General Hospital., Police custody taken of the mother and her accomplice regarding the abandonment., Child Welfare Committee has officially taken custody of the infant.