2021-ൽ ഗുരുവായൂരിൽ പത്രിക തള്ളിയതിന് പിന്നിൽ CPM-BJP ഡീൽ; ആരോപണവുമായി കെ.എൻ.എ ഖാദർ

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിലടക്കം സി.പി.എം-ബി.ജെ.പി. ഡീൽ ഉണ്ടായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദറിന്റെ ആരോപണം. ചൊവ്വാഴ്ച പുറത്തിറങ്ങിയ 'വ്യാകരണമില്ലാത്ത ജീവിതം' എന്ന ആത്മകഥയിലാണ് അന്നത്തെ യു.ഡി.എഫ്. സ്ഥാനാർഥിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.എൻ.എ ഖാദർ ഡീലിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നതിന് ചുക്കാൻപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ഗുരുതര ആരോപണവും ഉന്നയിക്കുന്നുണ്ട്. ഡീലിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി. സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. സ്വതന്ത്രനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പി. വോട്ടുകൾ ഭൂരിപക്ഷവും സി.പി.എമ്മിലേക്ക് പോയെന്നും 'ഗുരുവായൂരിലെ ഒക്കച്ചങ്ങാതിമാർ' എന്ന അദ്ധ്യായത്തിൽ ആരോപിക്കുന്നു.
'ആദ്യഘട്ട പ്രചാരണത്തിൽ യു.ഡി.എഫ്. ജയിക്കുമെന്ന് ചില മാദ്ധ്യമങ്ങളിൽ സർവേ ഫലങ്ങൾ വന്നു. പിന്നീട് ചില കളികൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ പ്രത്യേകം ജാഗ്രത പുലർത്തിയ മണ്ഡലമായിരുന്നു ഗുരുവായൂർ. എനിക്കെതിരേ അദ്ദേഹം നേരിട്ട് ചില പ്രസ്താവനകൾ നടത്തി. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്ന് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു. സത്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ധാരണ. മുഖ്യമന്ത്രിയടക്കം ഇടപെട്ട് ബി.ജെ.പിയുടെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫിലേക്കെത്തിച്ചു. വിജയം ഉറപ്പാക്കാൻ മറ്റുചില മണ്ഡലങ്ങളിലും സി.പി.എം. സമാനരീതിയിൽ ഒത്തുകളിച്ചിരുന്നു.'
'ഗുരുവായൂരിലെ സി.പി.എം.-ബി.ജെ.പി. ധാരണ പകൽപോലെ വ്യക്തമായിരുന്നു. ബി.ജെ.പി. പ്രതിനിധിയായി ആദ്യം നല്ലൊരു സ്ഥാനാർഥി പത്രിക കൊടുത്തതാണ്. മുൻപ് മത്സരിച്ച് മണ്ഡലത്തിൽ സുപരിചിതയാണവർ. 2016-ൽ 25490 വോട്ട് നേടിയിട്ടുണ്ട്. അഭിഭാഷകയായ അവർക്ക് തിരഞ്ഞെടുപ്പിന്റെയും നാമനിർദ്ദേശപത്രികയുടെയും നിയമങ്ങൾ നന്നായറിയാം. എന്നാൽ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഒപ്പില്ലെന്നു പറഞ്ഞ് അവരുടെ പത്രിക തള്ളി. സി.പി.എം.-ബി.ജെ.പി. ധാരണ പ്രകാരമായിരുന്നു അത്. റിട്ടേണിങ് ഓഫീസർമാരടക്കം തിരഞ്ഞെടുപ്പുവിഭാഗത്തിലെ പല ഉദ്യോഗസ്ഥരും ഇടതുസഹയാത്രികരായിരുന്നു.
പാർട്ടിയുടെ പത്രിക തള്ളുമ്പോൾ എല്ലാവരും ശക്തമായി എതിർക്കും. എന്നാൽ, ബി.ജെ.പി. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയപ്പോൾ പാർട്ടി പ്രതിനിധികളാരും എതിർപ്പുന്നയിച്ചില്ല. സൂക്ഷ്മപരിശോധനയ്‌ക്കെത്തിയ ബി.ജെ.പി. പ്രതിനിധികളാരും ബഹളമുണ്ടാക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല. സ്വാഭാവിക എതിർപ്പുപോലും അവർ ഉന്നയിച്ചില്ല.
തൊട്ടുമുൻപുള്ള നിയമസഭാതിരഞ്ഞെടുപ്പിൽ 25000-ലധികം വോട്ടുകൾ ബി.ജെ.പിക്ക് കിട്ടിയിരുന്നു. അതിനുശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ 33,000 വോട്ടുകളും നേടി. എന്നാൽ, 2021-ൽ പാർട്ടി സ്ഥാനാർഥി ഇല്ലാതായതോടെ ബി.ജെ.പി. പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന് 6294 വോട്ട് മാത്രമാണ് കിട്ടിയത്. ബാക്കി വോട്ടുകളെല്ലാം സി.പി.എമ്മിലേക്ക് പോയെന്നും കെ.എൻ.എ. ഖാദർ ആത്മകഥയിൽ ആരോപിക്കുന്നു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചന നിർവ്വഹിച്ചത് മാതൃഭൂമി സീനിയർ കറസ്‌പോണ്ടന്റ് ഫഹ്മി റഹ്മാനിയാണ്.
Content Highlights: KNA Kader reveals a secret pact between CPM and BJP in the 2021 Guruvayur assembly constituency., Allegations that CM Pinarayi Vijayan orchestrated the transfer of BJP votes to CPM., Claims the BJP candidate's nomination was intentionally rejected to favor the CPM candidate., Analysis of voting patterns showing a massive shift of BJP base to the LDF.