ഇരകള്‍ക്കുവേണ്ടിയാണ് പോരാടിയത്; തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വീഡിയോ ചെയ്യുന്നത്-ഷാജഹാന്‍

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബറും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.ഷാജഹാന്‍. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷാജഹാന്‍ ഒരു കുറ്റവും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു.
'25 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലൈംഗിക ആരോപണ കേസുകളില്‍ നിരന്തരമായി ഇരകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ഞാന്‍. വിഎസിനൊപ്പം നില്‍ക്കുമ്പോള്‍, ഐസ്‌ക്രീം പാര്‍ലര്‍, വിതുര കേസ്, കിളിരൂര്‍ തുടങ്ങിയ കേസുകളിലെല്ലാം ഇരകള്‍ക്കുവേണ്ടിയാണ് പോരാടിയത്. ഏറ്റവും അവസാനമായി വേടന്റെ കേസിലും ഇരയ്‌ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ എനിക്കെതിരെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്ന വാദം ഒരിടത്തും നിലനില്‍ക്കില്ല. പൊതുമണ്ഡലത്തിലും ഇപ്പോള്‍ കോടതിയിലും നിലനില്‍ക്കില്ലെന്ന് തെളിഞ്ഞു' ഷാജഹാന്‍ പറഞ്ഞു.
അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയതെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തെയും സമര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടന്നു. ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. 300 ഓളം ഭീഷണി കോളുകള്‍ വന്നിട്ടുണ്ട്. ഒരാളേയും താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ ഏകദേശം 2000 വീഡിയോകള്‍ ചെയ്തിട്ടുണ്ടെന്നും, അതില്‍ 25% ഭരണകൂടത്തിലെ പ്രമുഖര്‍ക്കെതിരെയായിരുന്നുവെന്നും ഷാജഹാന്‍ പറഞ്ഞു. ഇതാദ്യമായാണ് തനിക്കെതിരെ ഒരു കേസ് വരുന്നതെന്നും, തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ വീഡിയോകള്‍ ചെയ്തിട്ടുള്ളതെന്നും, ആ രീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KM Shajahan speaks after getting bail in a cyber defamation case