‘തിരിച്ചുവരവ് അനിവാര്യം’, നേതാക്കളുടെ ജീവിതരീതിയും സംസാരശൈലിയും മാറണം- കെ.കെ. ശൈലജ

#ന്യൂസ് ഡെസ്ക്
കെ.കെ ശൈലജ | Photo - Mathrubhumi archives
കെ.കെ ശൈലജ | Photo - Mathrubhumi archives

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം നേതൃത്വത്തിനും പ്രവർത്തന ശൈലിക്കും എതിരെ വിമർശനവുമായി കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. പാർട്ടിയുടെ ഔദ്യോഗിക വാരികയായ 'ചിന്ത'യിൽ എഴുതിയ "തിരിച്ചുവരവ് അനിവാര്യമാണ്" എന്ന ലേഖനത്തിലൂടെയാണ് ശൈലജ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റം, സംസാരശൈലി, ജീവിതരീതി എന്നിവ അടിയന്തരമായി പരിശോധിക്കപ്പെടണമെന്നും തിരുത്തലുകൾ വരുത്തണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

മൂന്നാം ഭരണം ലക്ഷ്യമിട്ട് നീങ്ങിയ പാർട്ടിക്ക് സ്വന്തം കോട്ടകളിൽ പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് വലിയ ആത്മപരിശോധനയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നേതാക്കളുടെ ശൈലിയും ജീവിതരീതിയും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ശൈലജ തുറന്നെഴുതുന്നു. തിരഞ്ഞെടുപ്പ് അവലോകനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് ശൈലജയുടെ ഈ ലേഖനവും വിലയിരുത്തപ്പെടുന്നത്.

നേരത്തെ എം.എ. ബേബി, തോമസ് ഐസക്, പി. രാജീവ് തുടങ്ങിയ പ്രമുഖ നേതാക്കളും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരം തിരുത്തലുകളുടെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ജനങ്ങളിൽ നിന്ന് ഉയർന്നുവന്ന അഭിപ്രായങ്ങൾ ഉൾക്കൊള്ളണമെന്നും നേതാക്കളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നുമാണ് പാർട്ടിക്കുള്ളിലെ പൊതുവായ വികാരം. നേതാക്കൾ പുറത്ത് പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ ഇപ്പോൾ ഔദ്യോഗിക വാരികയിലൂടെ തന്നെ പുറത്തുവരുന്നത് പാർട്ടിക്കുള്ളിലെ ഗൗരവകരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്.

പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇനി എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് തീരുമാനിക്കാൻ ഓഗസ്റ്റ് മാസത്തിൽ വിശാലമായ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർക്കുന്നുണ്ട്. ഈ യോഗത്തിൽ കെ.കെ. ശൈലജ ഉയർത്തിയ വിമർശനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുകയും ഔദ്യോഗികമായ തിരുത്തൽ നടപടികൾക്ക് രൂപം നൽകുകയും ചെയ്യുമെന്നാണ് വിവരം.

Content Highlights: KK Shailaja calls for urgent corrective measures in CPM following election setbacks.