രേഖയുമില്ല ടെൻഡറുമില്ല; ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്

#എം.ആർ. സിജു
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ( ഫോട്ടോ: അരവിന്ദ് ലെനിന്‍/ മാതൃഭൂമി) 
കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. ലോഗോ
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ( ഫോട്ടോ: അരവിന്ദ് ലെനിന്‍/ മാതൃഭൂമി) കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. ലോഗോ

കോട്ടയം: ആരോഗ്യമന്ത്രി ചെയർമാനായ സഹകരണസംഘത്തിൽ വ്യാപക ചട്ടലംഘനങ്ങൾ. സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചമാക്കാൻ രൂപവത്കരിച്ച കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്.)യിലാണ് ക്രമക്കേട്. ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പിന്റെ അനുമതിയോ ഇല്ലാതെ സാധനങ്ങൾ വാങ്ങുക, പ്രവൃത്തികൾ പൂർത്തിയാക്കിയശേഷം കരാർ തയ്യാറാക്കുക, ഉയർന്ന തുക ക്വാട്ട് ചെയ്ത സ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങുക തുടങ്ങിയ ഗുരുതരവിഷയങ്ങളാണ് സംസ്ഥാന ഒാഡിറ്റ് വിഭാഗം കണ്ടെത്തിയത്.

സാധനങ്ങൾ വാങ്ങിക്കൂട്ടിയതിനു രേഖകൾ ഇല്ലാത്തതിനാലും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവ ഹാജരാക്കാത്തതിനാലും 4.42 കോടി രൂപയുടെ വിനിയോഗം സംസ്ഥാന ഓഡിറ്റ് വകുപ്പ് തടസ്സപ്പെടുത്തി. പേ-വാർഡുകളിലും ലാബുകളിലും സൗകര്യമൊരുക്കുന്നതിന് 2022-’23, 2023-’24 വർഷം 40.23 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയിരുന്നു. ഇതിന്റെ രേഖകൾ ഇല്ല.

കരാറിലുള്ള എക്സിജന്റ് ജീവനക്കാർക്ക് രണ്ടുവർഷം ശമ്പളം നൽകിയതിന് 58.3 ലക്ഷം രൂപ ചെലവഴിച്ചതായി ചെക്ക് ഇഷ്യൂ രജിസ്റ്ററിലുണ്ട്. എന്നാൽ, ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളോ കരാറിന്റെ വിശദാംശമോ ജോലിചെയ്യുന്ന യൂണിറ്റുകളുടെ വിവരങ്ങളോ ഓഡിറ്റിന് കൈമാറിയില്ല.

സൊസൈറ്റിയുടെ സേവനങ്ങളെപ്പറ്റിയുള്ള പരസ്യങ്ങൾ കൊടുക്കുന്നത് തമിഴ്നാട്ടിലെ ദിനപത്രങ്ങളിലാണ്. സംസ്ഥാനത്തിനുപുറത്ത് പരസ്യം നൽകുന്നതിന്റെ ഗുണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല.

ലാബിലേക്കും ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിൽനിന്ന് മൂന്നുകോടി രൂപ മുടക്കി വാങ്ങിയ സാധനങ്ങൾക്ക് ടെൻഡർ വിളിച്ചതിന് രേഖയില്ല. ഇവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തുനൽകിയെങ്കിലും സൊസൈറ്റി അവഗണിച്ചു.

ടെൻഡറില്ലാതെ വാങ്ങിയവയിൽ 90,100 രൂപയുടെ ഫ്രിഡ്ജ്, സ്കാൻ യൂണിറ്റിലേക്ക് 1.23 ലക്ഷം രൂപയുടെ ഫിലിം കാരിബാഗ്, 1.50 ലക്ഷം രൂപയുടെ ഇരുമ്പുബെഞ്ചുകൾ, 1.93 ലക്ഷം രൂപയുടെ ലാബ് സോഫ്റ്റ്‌വേർ ഇൻസ്റ്റലേഷൻ തുടങ്ങിയവയുമുണ്ട്. ഇവയുടെ ഫയലുകൾ പരിശോധനയ്ക്ക് കൈമാറാൻ സൊസൈറ്റി തയ്യാറായിട്ടില്ല.

സർക്കാർസ്ഥാപനങ്ങൾ ഗവൺമെന്റ് ഇ-മാർക്കറ്റ് (ജെം) പ്ലേസ് വഴി വാഹനങ്ങൾ വാങ്ങണമെന്നാണ് ചട്ടമെങ്കിലും അതുപാലിക്കാതെ 1.81 ലക്ഷം ചെലവിട്ട് രണ്ട് ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങി. ഇതിന് ധനവകുപ്പിന്റെ അനുമതി വാങ്ങിയില്ല.

Content Highlights: State Audit Department blocked 4.42 crore in expenses due to lack of documentation., Purchases made without tenders or Finance Department approval., Non-transparent spending on advertising in Tamil Nadu newspapers., Violation of GeM portal procurement rules for vehicle purchases., Missing records for 58.3 lakh salary payments to exigent staff.