കെജിഎംഒഎ സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റ് 2025-ല്‍ കണ്ണൂര്‍ ജില്ല ചാമ്പ്യന്മാര്‍

കോഴിക്കോട്: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റ് 2025-ല്‍ ('പടയോട്ടം 2.0') തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ഒക്ടോബര്‍ 24, 25, 26 തീയതികളിലായി വിവിധ വേദികളില്‍ നടന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം വി.കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. സുനില്‍ പി. കെ. നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. ലിസി സി.എച്ച് അധ്യക്ഷയായ ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ ഡോ. ശ്രീകാന്ത്, എഡിറ്റര്‍ ഡോ. ബിജോയ്, മുന്‍ സംസ്ഥാന പ്രസിഡണ്ട് സുരേഷ് ടി എന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. നൗഷാദ് യു.പി., ജില്ല സെക്രട്ടറി ഡോ: അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.
ജോലിസ്ഥലങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന ഡോക്ടര്‍മാര്‍ക്ക് മാനസികോല്ലാസം പകരാനും ശാരീരികക്ഷമത ഉറപ്പുവരുത്താനും ഉതകുന്ന വലിയ കൂട്ടായ്മയായി കെജിഎംഒഎ സ്‌പോര്‍ട്‌സ് മീറ്റ് മാറിയിട്ടുണ്ട് എന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, നീന്തല്‍, സൈക്ലിംഗ്, ബാഡ്മിന്റണ്‍, ചെസ്, ക്യാരംസ് തുടങ്ങി വിവിധ മത്സര ഇനങ്ങള്‍ ഉള്‍പ്പെട്ട പടയോട്ടം 2.0 മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന അത്ലറ്റിക് മീറ്റോടെയാണ് സമാപിച്ചത്.
സംസ്ഥാന സെക്രട്ടറി ഡോ. ജോബിന്‍ ജോസഫ്, വൈസ് പ്രസിഡണ്ട് ഡോ. രാജേഷ് ഒ.ടി., വുമണ്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. സലീമ, പടയോട്ടം 2.0 കണ്‍വീനര്‍ ഡോ. രജുല്‍, ജില്ലാ ട്രഷറര്‍ ഡോ. അശ്വതി എന്നിവര്‍ ജേതാക്കള്‍ക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.
മീറ്റില്‍ മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം ഡോക്ടര്‍മാര്‍ മൂന്നു ദിവസങ്ങളായി നടന്ന മീറ്റിന്റെ ഭാഗമായി.