മന്ത്രിയുടെ വാക്ക് കട്ടപ്പുകയായി;സ്‌കൂൾ പ്രവൃത്തിപരിചയമേളയിൽ മണ്ണെണ്ണ സ്റ്റൗ തുടരും, കരിമ്പുക നിറയും

പത്തനംതിട്ട: സ്‌കൂൾ പ്രവൃത്തിപരിചയ മേളയിലെ പാചകമത്സരത്തിന് തിരിയുള്ള മണ്ണെണ്ണ സ്റ്റൗ തുടരും. മത്സരം നടക്കുന്ന ഹാളിൽ സ്റ്റൗ കത്തിക്കുമ്പോൾ കരിമ്പുക പടരുകയും ചെയ്യും. ആക്രിക്കടകളിൽപ്പോലും ഈ സ്റ്റൗ കിട്ടാത്തതിനാൽ മത്സരിക്കാൻ മനസ്സുണ്ടായിട്ടും മാറിനിൽക്കുന്ന കുട്ടികളുമേറെ.
മാന്വൽ പുതുക്കുമ്പോൾ സ്റ്റൗ നീക്കുമെന്ന് 2023-ൽ വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. ഇത് വെറുംവാക്കായി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ തത്സമയ മത്സരത്തിലാണ് പാചകവുമുള്ളത്.
മാന്വൽ പുതുക്കിയപ്പോൾ തത്സമയ മത്സരത്തിൽ ഇക്കുറി ക്യാരിബാഗുകളുടെ നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, ലോഹത്തകിടിൽ ദ്വിമാനരൂപ ചിത്രണം, ചൂരൽ ഉത്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി. മുമ്പത്തെ മാന്വലിൽനിന്ന് ചോക്ക് നിർമാണം പോലുള്ളവ എടുത്തുമാറ്റി പുതിയവ കൂട്ടിച്ചേർത്തു.
പാചകമത്സരത്തെക്കുറിച്ച് പറയുന്നഭാഗത്ത് ഒരുമാറ്റവും വരുത്തിയതുമില്ല. ’ഒരു മണ്ണെണ്ണ തിരിസ്റ്റൗ മാത്രമേ അനുവദിക്കുകയുള്ളൂ’ എന്ന വാചകമാണ് അതേപടി തുടർന്നത്.
25 വർഷം മുമ്പ് തയ്യാറാക്കിയ മാന്വലിൽ അന്നത്തെ കാലത്തിനനുസരിച്ച് എഴുതിയ വ്യവസ്ഥ, ഇപ്പോഴത്തേത് ഉൾപ്പെടെ മൂന്നുതവണ പരിഷ്‌കരിച്ചെങ്കിലും മണ്ണെണ്ണ സ്റ്റൗ മാത്രം മാറിയില്ല. പമ്പ് ചെയ്യുന്ന മണ്ണെണ്ണ സ്റ്റൗ, ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല.
മത്സരാർഥികൾക്ക് തുമ്മൽ പതിവ്
മൂന്നു മണിക്കൂറാണ് പാചകമത്സരം. ഇതിൽ പലപ്പോഴായി ഒരുമണിക്കൂറെങ്കിലും സ്റ്റൗ കത്തിക്കേണ്ടിവരും. ജില്ലാതലത്തിൽ 12 കുട്ടികളെങ്കിലും മത്സരത്തിന് ഉണ്ടാകും. ഇത്രയും കുട്ടികൾ ഒന്നിച്ച് സ്റ്റൗ കത്തിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ് പരക്കും.
കുട്ടികൾ തുമ്മുന്നതും ഈ മത്സരത്തിലെ പതിവ് കാഴ്ച.
സ്റ്റൗവിന് പരക്കംപാച്ചിൽ
ഇക്കുറി ഇത് ഒഴിവാകുമെന്ന് കരുതി പല സ്‌കൂളുകളും സ്റ്റൗവിനുള്ള അന്വേഷണം നടത്തിയിരുന്നില്ല. എന്നാൽ, മാറ്റമില്ലെന്ന് കണ്ടതോടെ മുൻവർഷങ്ങളിലെ പരക്കം പാച്ചിൽ തുടങ്ങിയിട്ടുണ്ട്. ചില സ്‌കൂളുകൾ പൊന്നുപോലെ ഈ സ്റ്റൗ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
Content Highlights: Kerosene stove mandatory for cooking competition in kerala school work experience fair