'വെടിയേറ്റ് ബോധംപോയി, നാട്ടില്‍ വിളിക്കാന്‍ തുണയായത് ചന്ദനത്തിരിയുടെ കവര്‍'

എഡിസൺ ചാൾസ്, ഇന്‍സെറ്റില്‍ തോമസ് ഗബ്രിയേല്‍
എഡിസൺ ചാൾസ്, ഇന്‍സെറ്റില്‍ തോമസ് ഗബ്രിയേല്‍

തിരുവനന്തപുരം: ജോര്‍ദാന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍വെച്ച് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേലിന്റെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടില്‍ എത്തിക്കുമെന്ന് എംബസിയില്‍ അറിയിപ്പ് ലഭിച്ചതായി കുടുംബം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തോമസ് ഗബ്രിയേലിന്റെ മൃതദേഹം തിരിച്ചെത്തിക്കാനുള്ള വഴിതെളിഞ്ഞത്. മൃതദേഹം എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെല്ലാം കുടുംബം കത്ത് നല്‍കിയിരുന്നു. 

പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവുമെല്ലാം തങ്ങള്‍ക്കൊപ്പം നിന്നുവെന്നും കുടുംബം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. താന്‍ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ജോര്‍ദാനില്‍നിന്ന് വെടിയേറ്റ എഡിസൺ ചാള്‍സ് പ്രതികരിച്ചു. മരിച്ച തോമസ് ഗബ്രിയേലിനൊപ്പമാണ് ചാള്‍സും ജോര്‍ദാനില്‍ എത്തിയത്. 

'സര്‍ക്കാരും മറ്റ് പാര്‍ട്ടി നേതാക്കളും ഒക്കെ പൂര്‍ണപിന്തുണയാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്. സഹോദരങ്ങളെപ്പോലെയാണ് അവരെല്ലാവരും പെരുമാറുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ദിനവും എത്താറുണ്ട്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല', തോമസ് ഗബ്രിയേലിന്റെ ഭാര്യ ക്രിസ്റ്റീന തോമസ് പറഞ്ഞു.

മൃതദേഹം എത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് കഴിഞ്ഞദിവസം ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. ഭാര്യ ക്രിസ്റ്റീനയുടെ സഹോദരനാണ് മൃതദേഹം ഏറ്റുവാങ്ങുന്നത്. ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടതുപ്രകാരം സഹോദരന്റെ തിരിച്ചറിയല്‍ രേഖകളുള്‍പ്പെടെയുള്ളവ കുടുംബം അയച്ച് നല്‍കിയിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് തോമസ് ഗബ്രിയേലും ബന്ധു മേനംകുളം സ്വദേശി എഡിസന്‍ ചാള്‍സും അബുദാബി വഴി ജോര്‍ദാനിലേക്ക് പോയത്. ഓട്ടോറിക്ഷാ തൊഴിലാളികളായ ഇരുവരും തോമസിന്റെ സുഹൃത്ത് കൂടിയായ ബിജു എന്ന ഏജന്റ് മുഖേനയാണ് ജോര്‍ദാനിലെത്തിയത്. ഫെബ്രുവരി 28-ന് കാലില്‍ വെടിയേറ്റ നിലയില്‍ എഡിസന്‍ നാട്ടില്‍ തിരിച്ചെത്തി. ജോര്‍ദാനിലെത്തിയതായി ഫെബ്രുവരി 9-ന് തോമസ് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതെയായി. ഭാര്യ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് മരണവിവരം സ്ഥിരീകരിക്കപ്പെടുന്നത്. 

പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് പേരേരയും തോമസും ജോര്‍ദാനിലെത്തുന്നത്. 2.10 ലക്ഷം രൂപ ഇന്ത്യയില്‍നിന്ന് പോകുന്നതിന് മുമ്പ് ഏജന്റിന് ഇവര്‍ നല്‍കിയെന്നാണ് വിവരം. ജോര്‍ദാന്റെ തലസ്ഥാനമായ അമാനില്‍ എത്തിയതിന് ശേഷം 52,289 രൂപയും ഏജന്റ് ഇവരുടെ പക്കല്‍നിന്ന് വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പണം വാങ്ങിയെടുത്തശേഷം ജോര്‍ദാനില്‍ വേണ്ടത്ര തൊഴില്‍ അവസരങ്ങളില്ലെന്നും ഇസ്രേയേലില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്നും ഏജന്റ് അറിയിച്ചുവെന്നാണ് എഡിസൺ ചാള്‍സ് പറയുന്നത്. ഇസ്രേയേലില്‍ എത്തുന്നതിനായി അതിര്‍ത്തി കടക്കണമെന്ന് ഏജന്റ് അറിയിച്ചെന്നും എഡിസൺ ചാള്‍സ് പറഞ്ഞു. അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവര്‍ക്കും വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് ശ്രീലങ്കന്‍ സ്വദേശികള്‍ സൈന്യത്തിന്റെ പിടിയിലായെന്നാണ് വിവരം.

'അന്തരിച്ച തോമസിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഏജന്റ് ബിജു. ജോര്‍ദാനിലേയ്ക്ക് പോകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. എനിക്ക് അന്ന് അയാളെ സംശയമൊന്നും ഇല്ലായിരുന്നു, വിശ്വാസമായിരുന്നു. നാട്ടിലെത്തിയതിന് ശേഷം ബിജു എന്നെ വിളിച്ചിരുന്നു. പിന്നീട് പക്ഷേ അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പോലീസ് ബന്ധപ്പെട്ടപ്പോഴും അയാളെ കിട്ടിയിരുന്നില്ല. 

ജോര്‍ദാനില്‍ എത്തിയതിന് ശേഷം മറ്റൊരു ഏജന്റിന്റെ പക്കല്‍ ബിജു ഞങ്ങളെ എത്തിച്ചു. ഗൈഡ് ഒരു ടാക്‌സിയില്‍ ഞങ്ങളെ കൊണ്ടുപോയി. രണ്ട് ശ്രീലങ്കന്‍ പൗരന്മാരും ഒപ്പമുണ്ടായിരുന്നു. രാത്രിയില്‍ ടാക്‌സിയില്‍ ഒരിടത്ത് ഇറക്കിയിട്ട് പിന്നീട് നടന്നുപോകാന്‍ പറയുകയായിരുന്നു, ലൊക്കേഷനും നല്‍കി. നടന്നുനടന്ന് ഞങ്ങള്‍ എത്തിപ്പെട്ടത് ജോര്‍ദാന്‍ സൈന്യത്തിന്റെ മുന്നിലായിരുന്നു. കാലില്‍ വെടികൊണ്ട ഉടനെ എന്റെ ബോധം പോയി. പിന്നീട് ബോധം വന്നപ്പോള്‍ ഞാന്‍ ക്യാമ്പിലായിരുന്നു. തോമസ് ഒപ്പമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഏട്ട് ദിവസം വിവിധ സെല്ലുകളില്‍ താമസിപ്പിച്ചതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. 

എനിക്ക് തോമസിനെപ്പറ്റിയൊന്നും അവരോട് ചോദിക്കാന്‍ സാധിച്ചില്ല. അവരുടെ ഭാഷ എനിക്കോ എന്റെ ഭാഷ അവര്‍ക്കോ മനസ്സിലായില്ല. പേടി കാരണം ഒന്നും ചോദിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍. വീട്ടിലെ ഫോണ്‍ നമ്പര്‍ ഓര്‍മയുണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ കോഡ് അറിയാത്തതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. പിന്നീട് ജയിലില്‍ കത്തിക്കാന്‍ നല്‍കിയ ചന്ദനത്തിരിയില്‍ നിന്ന് ഇന്ത്യന്‍ കോഡ് ലഭിച്ചു. ഇന്ത്യന്‍ കമ്പനിയുടെ തിരിയായിരുന്നു അത്. ആ കോഡ് അടിച്ച് വീട്ടില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. 

ഫെബ്രുവരി 10-ന് പിടികൂടിയ എനിക്ക് 21-നാണ് വീട്ടില്‍ ബന്ധപ്പെടാന്‍ സാധിച്ചത്. ജയിലിലാണെന്നും തോമസ് കൂടെയില്ലെന്നും അറിയിച്ചു. എംബസിക്ക് മെയില്‍ അയക്കാനും ഞാന്‍ പറഞ്ഞു. ഞാന്‍ നാട്ടിലെത്തിയതിന് ശേഷമാണ് എംബസില്‍ നിന്ന് തോമസിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അനിയനാണ് എന്നെ നാട്ടിലെത്തിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്തത്. നാട്ടില്‍ എത്തിക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ ഏജന്റ് ബിജു കാശ് ചെലവാക്കിയിരുന്നതായി ഈയടുത്ത് അയാള്‍ വിളിക്കുമ്പോഴാണ് ഞാന്‍ അറിയുന്നത്. ഗൈഡിന്റെ പക്കല്‍ എത്തിക്കുമ്പോഴാണ് ബിജുവിനെ അവസാനമായി കാണുന്നത്', എഡിസൺ ചാള്‍സ് പറഞ്ഞു.

Content Highlights: Jordan Shooting: Keralite`s Body Returns Home