ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക്‌ കടക്കവേ സൈന്യത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു

ഗബ്രിയേല്‍ പെരേര/Special Arrangement
ഗബ്രിയേല്‍ പെരേര/Special Arrangement

ന്യൂഡല്‍ഹി: ഇസ്രയേലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള ഇന്ത്യന്‍ എംബസിയുടെ ഇ-മെയില്‍ ഗബ്രിയേലിന്റെ കുടുംബത്തിന് ലഭിച്ചു. ഫെബ്രുവരി 10-നാണ് ഗബ്രിയേല്‍ വെടിയേറ്റ് മരിച്ചത്.

ജോര്‍ദാന്‍- ഇസ്രയേല്‍ അതിര്‍ത്തിയില്‍വെച്ച് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റാണ് മരണം. ഗബ്രിയേലിന്റെ ഒപ്പമുണ്ടായിരുന്നു അയല്‍വാസികൂടിയായ എഡിസനും വെടിയേറ്റിരുന്നു. പരിക്കുകളോടെ എഡിസന്‍ നാട്ടിലേക്ക് തിരിച്ചെത്തി. 

എഡിസന്‍ വഴിയാണ് ഗബ്രിയേലിന്റെ മരണം ബന്ധുക്കള്‍ ആദ്യം അറിയുന്നത്. ഗബ്രിയേലും എഡിസനും അടങ്ങുന്ന നാലംഗ സംഘം ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. 

വിസിറ്റിങ് വിസയില്‍ ജോര്‍ദാനില്‍ എത്തിയതായിരുന്നു ഈ നാലുപേരും. മൂന്ന് മാസത്തെ വിസിറ്റിങ്ങ് വിസയ്ക്കായിരുന്നു ഇവര്‍ ഇവിടേക്ക് എത്തിയത്. ശേഷം ഒരു ഏജന്റ് വഴി ഇസ്രയേലിലേക്ക് കടക്കാനായി ഇവര്‍ ശ്രമിച്ചു. അതിര്‍ത്തിയിലെത്തിയ ഇവരെ ജോര്‍ദാന്‍ സൈന്യം തടഞ്ഞു. എന്നാല്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ തൊട്ടടുത്തുള്ള പാറക്കൂട്ടത്തിനടുത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ജോര്‍ദാന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. 

തലയ്ക്ക് വെടിയേറ്റ ഗബ്രിയേല്‍ തല്‍ക്ഷണം മരിച്ചു. കാലിന് പരിക്കേറ്റ് എഡിസനെ ഉടന്‍ തന്നെ ജോര്‍ദാന്‍ സേന ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഭേദമായ ശേഷം ഇന്ത്യയിലേക്ക് മടക്കി അയച്ചു. കൂടെയുള്ള രണ്ടുപേരെ ഇസ്രയേല്‍ സൈന്യം പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Keralite Dies in Israel Border Shooting