സിഗ്നൽ തെറ്റി കേരളത്തിന്റെ മൂന്നാം റെയിൽ പാത; എവിടെയുമെത്താതെ നിർമാണം

തൃശ്ശൂർ: സംസ്ഥാനത്തെ റെയിൽ ഗതാഗതത്തിന്റെ വേഗംകൂട്ടുമെന്ന പ്രതീക്ഷ പകർന്ന മൂന്നാംപാതാ പദ്ധതി തുടക്കത്തിലേ നിലച്ചമട്ടിൽ. സിൽവർ ലൈനില്ല, അതിവേഗ റെയിൽവേ പദ്ധതിയില്ല, ഏക പ്രതീക്ഷയായ മൂന്നാംപാതയും തുടങ്ങിയിടത്തുതന്നെ അവസാനിക്കുകയാണെന്നാണ് ഇപ്പോഴുള്ള സൂചന. മൂന്നാംപാതയ്ക്കായുള്ള റെയിൽവേ നടപടികൾ കാര്യമായൊന്നും നടക്കുന്നില്ല.
2024-ലാണ് എറണാകുളം -ഷൊർണൂർ, ഷൊർണൂർ -പാലക്കാട്, ഷൊർണൂർ - മംഗളൂരൂ പാതകളിൽ മൂന്നാംപാതയ്ക്കായി ആകാശപഠനം ആരംഭിച്ചത്. ഏരിയൽ സർവേ പൂർത്തിയായിട്ടുണ്ട്. എന്നാൽ, അതിന്റെ റിപ്പോർട്ട് സമർപ്പിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തൃശ്ശൂർ പൈങ്കുളത്തിനടുത്ത് തൊഴുപ്പാടത്ത് മണ്ണ് പരിശോധന നടന്നതുൾപ്പെടെ മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതിനായി ചുമതലപ്പെടുത്തിയ സ്വകാര്യ കമ്പനിയുടെ റിപ്പോർട്ട് ലഭിച്ചശേഷം സാമ്പത്തികലാഭം ഉണ്ടാകുമോ എന്ന് പരിശോധിച്ചുമാത്രമേ റെയിൽവേ അന്തിമാനുമതി നൽകൂവെന്നും അന്ന് സൂചനയുണ്ടായിരുന്നു. അതിലും വ്യക്തത വന്നിട്ടില്ല.
എറണാകുളം-ഷൊർണൂർ, ഷൊർണൂർ-മംഗളൂരു പാതയിലെ മൂന്നാംപാളം, നിലവിലുള്ളതിന് സമാന്തരമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. രണ്ടു മുതൽ നാലു ഡിഗ്രി വരെ വളവുകളുള്ള എറണാകുളം-ഷൊർണൂർ പാതയ്ക്ക് സമാന്തരമായി പുതിയത് നിർമിക്കുക പ്രായോഗികമല്ലെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.
സിൽവർ ലൈൻ, ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി എന്നിവ നടപ്പാക്കാനാകില്ലെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർതന്നെ വ്യക്തമാക്കിയതാണ്. പ്രതീക്ഷയുണ്ടായിരുന്ന മൂന്നാംപാതയും അതിനോടനുബന്ധിച്ച് തുടങ്ങാനാകുമെന്നു കരുതുന്ന നാലാംപാതയും എങ്ങുമെത്തുന്നുമില്ല.
മൂന്നും നാലും പാതകൾക്കായുള്ള സർവേകളും വിശദ പദ്ധതിരേഖ തയ്യാറാക്കലുമാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. എറണാകുളം-കായംകുളം, കായംകുളം - തിരുവനന്തപുരം മേഖലകളിലും സർവേ നടക്കുന്നുണ്ടെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി, ഭാരതപ്പുഴയ്ക്കു കുറുകേ ഇരട്ടപ്പാതയ്ക്കായുള്ള പാലത്തിന്റെ നിർമാണം മാത്രമാണ് നിലവിൽ മുന്നോട്ടുപോകുന്നത്. ഇതിനായി തൂണുകൾ ഉയർന്നുകഴിഞ്ഞു.
ശരാശരി 80 കിലോമീറ്റർ വേഗമാണ് ഈ പാതകളിൽ വണ്ടികൾക്കുള്ളത്. 50 കിലോമീറ്ററിലേക്ക് താഴുന്ന ഇടങ്ങളുമുണ്ട്. പുതിയ പാത വന്നാൽ ഈ പോരായ്മകൾ പരിഹരിക്കാം. കൂടുതൽ വണ്ടികൾ ഓടിക്കാനുമാകും. എന്നാൽ, ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ ഒന്നിലേക്കും ഇതുവരെ കടന്നിട്ടില്ല.
Content Highlights: Kerala's third railway line project remains stalled despite aerial and soil surveys on the Ernakulam-Shoranur-Mangaluru stretch. With Silver Line and E Sreedharan's high-speed rail plan shelved, only a bridge over the Bharathapuzha is currently under construction.