കുടുംബ പ്രശ്നങ്ങൾ: രണ്ട് വർഷത്തിനിടെ വനിതാ പോലീസ് സെൽ തീർപ്പാക്കിയത് 56,852 പരാതികൾ

ആലപ്പുഴ: കുടുംബപ്രശ്നങ്ങളിൽ വനിതാ പോലീസ് സേനയുടെ ഇടപെടലിന് വല്ലാത്തൊരു കരുതലും വേഗവുമുണ്ട്. സങ്കടങ്ങൾ അവരോടു വിശ്വസിച്ചു പറയാം. അത്തരം കേസുകൾ പെട്ടെന്നു പരിഹരിക്കാൻ അവർ കാട്ടുന്ന ജാഗ്രത ചെറുതല്ലെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ വനിതാ സെല്ലുകളിലെത്തിയത് 58,765 കുടുംബപ്പരാതികളാണ്. അതിൽ 56,852-ഉം തീർപ്പാക്കി. ഇനിയും അകന്നുനിൽക്കുന്നത് 1,913 കുടുംബങ്ങൾ മാത്രം.
ഭാര്യ-ഭർത്തൃ വഴക്ക്, അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ഉടക്ക്, ഭാര്യ-ഭർത്താവിന്റെ വിവാഹേതര ബന്ധം, മക്കളെ നോക്കാതിരിക്കൽ, കുട്ടികൾ വഴിതെറ്റൽ, മദ്യപാനം, കുടുംബത്തെ ശല്യംചെയ്യൽ, അപമാനിക്കൽ തുടങ്ങിയ പ്രശ്നങ്ങളുമായാണ് കൂടുതൽപ്പേരും വനിതാസെല്ലുകളിൽ എത്തിയത്. അതിലെ വലിയ ശതമാനവും പരിഹരിച്ചത് ശാസ്ത്രീയ ഇടപെടലിലൂടെയാണ്.
പരാതിക്കാരുടെ പ്രശ്നങ്ങൾ സവിസ്തരം കേൾക്കുന്നതാണ് ആദ്യ നടപടി. പിന്നെ, കുറ്റാരോപിതരെ കേൾക്കും. രമ്യമായി പരിഹരിക്കാനുള്ള നിർദേശം അവരോടുതന്നെ ചോദിക്കും. ശേഷം, ഇരുകുട്ടരുമായി ഒരുമിച്ചു സംസാരിച്ച് പ്രശ്നം പരിഹരിക്കാനാകും ശ്രമം.
ഈ രീതി ഫലപ്രദമായില്ലെങ്കിൽ ഇരുകൂട്ടരെയും പോലീസിന്റെ കൗൺസലിങ് കേന്ദ്രത്തിലേക്ക് അയക്കും. ദമ്പതിമാരുടെ കാര്യത്തിലാകും കൂടുതലും ഈ നടപടി. ലഹരി, ഫോൺ എന്നിവയ്ക്ക് അടിപ്പെട്ടവരെ മദ്യ-ഫോൺ വിമുക്തികേന്ദ്രങ്ങളിലേക്ക് അയക്കുകയാണു പതിവ്.
ഡിജിറ്റൽ ഗാഡ്‌ജിറ്റുകൾക്ക് അടിപ്പെട്ട കുട്ടികളുൾപ്പെടെയുള്ളവരെ മോചിപ്പിക്കാൻ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ‘ഡി-ഡാഡ്’ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവിടേക്കാണ് വനിതാസെല്ലിലെത്തുന്ന പരാതിക്കാരെയും അയക്കുന്നത്. മൂന്നുവർഷത്തിനിടെ സെൽ ഉദ്യോഗസ്ഥർ 2,309 പേരെ ഡി-ഡാഡ് കേന്ദ്രങ്ങളിലെത്തിച്ചു.
കുട്ടികളുടെ പ്രശ്നങ്ങളിലും സെല്ലിന്റെ കാര്യമായ ഇടപെടലുണ്ട്. ‘ചിരി’ കൗൺസലിങ് കേന്ദ്രങ്ങളിലൂടെയാണിത്. മാനസികാപഗ്രഥനം നടത്തി കുട്ടികളെ സ്വാഭാവിക പെരുമാറ്റത്തിലെത്തിക്കുകയാണു ചെയ്യുന്നത്.
Content Highlights: Discover how Kerala`s Women Police Cells resolved over 56,852 family disputes in two years. Learn about their swift, scientific approach to marital issues.