സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യത

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോ (ഒക്ടോബർ 15) മറ്റന്നാളോ ആയി തുലാവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്ന് കണക്കാക്കുന്നത്. ഇടിമിന്നലും പ്രതീക്ഷിക്കാം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് മഞ്ഞ അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

കണ്ണൂരും കാസർകോടും ഒഴികെ 12 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു. മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ദുരന്തനിവാരണ അതോറിറ്റി നൽകുന്ന ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലർട്ട്

  • 15/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

മഞ്ഞ അലർട്ട്

  • 15/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 16/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
  • 17/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
  • 18/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി

Content Highlights: The meteorological department has announced the arrival of Tulavarsham in Kerala, issuing an orange alert for four districts anticipating heavy to very heavy rainfall accompanied by lightning.