ഇല്ലാത്ത കുടിവെള്ള കണക്ഷന് 2,332 രൂപ കുടിശ്ശിക; പണമടയ്ക്കാത്തതിന് റവന്യൂ റിക്കവറി നോട്ടീസ്

കോതമംഗലം (എറണാകുളം): ഇല്ലാത്ത കുടിവെള്ള കണക്ഷന് പണം അടച്ചില്ലെന്നുപറഞ്ഞ് ജല അതോറിറ്റിവക റിക്കവറി നോട്ടീസ്. കവളങ്ങാട് തലക്കോട് കൂവക്കാട്ടില്‍ കെ.എം. തോമസിനാണ് (ഷാജി) വ്യാഴാഴ്ച കുടിശ്ശിക അടയ്ക്കാത്തതിന് ജല അതോറിറ്റി കോതമംഗലം സബ് ഡിവിഷന്‍ ഓഫീസില്‍നിന്നും നോട്ടീസ് ലഭിച്ചത്.
2,332 രൂപ കുടിശ്ശികയുണ്ടെന്നും ഏഴുദിവസത്തിനകം ഇതടച്ചില്ലെങ്കില്‍ ജില്ലാ കളക്ടര്‍ മുഖേന റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. കുടിശ്ശിക വരുത്തിയതിന് കണക്ഷന്‍ വിച്ഛേദിച്ചതായും പറയുന്നുണ്ട്. വീട്ടില്‍ ജല അതോറിറ്റിയുടെ കണക്ഷന്‍ ഉണ്ടായിട്ടുവേണ്ടേ വിച്ഛേദിക്കാന്‍ എന്നാണ് തോമസിന്റെ ചോദ്യം. തോമസിന്റേതടക്കം സമീപത്തെ പത്തുവീടുകളില്‍ വാട്ടര്‍ കണക്ഷന്‍ ഇല്ല. അതുകൊണ്ട് ബില്‍ മാറി വന്നതാണെന്നും കരുതാനാവില്ല.
തോമസ് നോട്ടീസുമായി വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തി പരാതിപറഞ്ഞു. ഓഫീസ് സിസ്റ്റവും രേഖകളും പരിശോധിച്ചപ്പോള്‍ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ തോമസിന്റെ പേരിലാണ്. ഫോണ്‍ നമ്പറില്‍ മാത്രം മാറ്റം. 2021-ലാണ് കണക്ഷന്‍ നല്‍കിയത്. ഒരുവര്‍ഷത്തെ കുടിശ്ശിക അടയ്ക്കാത്തതുകാരണം 2022-ല്‍ കണക്ഷന്‍ വിച്ഛേദിച്ചു.
പഞ്ചായത്ത് മുഖേന ജല്‍ജീവന്‍ പദ്ധതിയില്‍ എടുത്ത കണക്ഷനാണ്. കണക്ഷന്‍ നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജല അതോറിറ്റി സബ് ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു. തന്റെ പേരില്‍ കൃത്രിമമായി കണക്ഷനെടുത്തതിന് പരാതി നല്‍കുമെന്ന് തോമസ് പറഞ്ഞു.
Content Highlights: kerala water authority recovery notice for non existent connection in kothamangalam kerala news