സംഘടന പറഞ്ഞാൽ രാജി, പക്ഷേ ഈ ഘട്ടത്തിലെ മാറ്റം ഹജ്ജ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട് -ഹുസൈൻ സഖാഫി ചുള്ളിക്കോട്

#ന്യൂസ് ഡെസ്ക്
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

മലപ്പുറം: കേരള വഖഫ് ബോർഡിൽ കാന്തപുരം വിഭാഗം പ്രതിനിധിയെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായ ചർച്ചയിൽ മൂന്ന് കാര്യങ്ങളിൽ തീരുമാനമായിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. കാന്തപുരം വിഭാഗത്തിന് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകുമെന്ന ഉറപ്പാണ് അതിലൊന്ന്. ഇതുസംബന്ധിച്ച ഉറപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കാരന്തൂർ മർകസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ നേരിൽക്കണ്ട് അറിയിച്ചെന്നും ഹുസൈൻ സഖാഫി പറഞ്ഞു.

പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽനിന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് രാജിവയ്ക്കുകയെന്ന കാര്യവും ചർച്ചയിൽ തീരുമാനമായതായി ഹുസൈൻ സഖാഫി പറഞ്ഞു. അതാണ് രണ്ടാമത്തേത്. തൊടിയൂരിന് വേറെ എന്ത് ചുമതല നൽകുമെന്ന ചർച്ചയിലാണ് ഹജ്ജ് കമ്മിറ്റി ഒരു വിഷയമായി വരുന്നതെന്നും അതോടെ അദ്ദേഹത്തെ ഹജ്ജ് കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും ചർച്ചയിലുണ്ടായി. ഈ മൂന്ന് ഉറപ്പായ കാര്യങ്ങളാണ് ചർച്ചയിൽ തീരുമാനമായതെന്നും ചുള്ളിക്കോട് അറിയിച്ചു.

അതേസമയം കാന്തപുരം വിഭാഗത്തിന്റെ വഖഫ് ബോർഡിലെ പ്രതിനിധി ആരാണെന്നതിലോ എന്നാണ് പ്രാതിനിധ്യം നൽകുക എന്നതിലോ തീരുമാനമായിട്ടില്ല. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വഖഫ് ബോർഡിൽനിന്ന് എപ്പോൾ രാജിവയ്ക്കണമെന്നതിലും അന്തിമ തീരുമാനം വന്നിട്ടില്ല. അദ്ദേഹത്തിന് ഹജ്ജ് കമ്മിറ്റിയിൽ ഏത് ചുമതലയാണ് നൽകുകയെന്നതും എപ്പോൾ ചുമതലപ്പെടുത്തുമെന്നതും തീരുമാനിച്ചിട്ടില്ലെന്നും ചുള്ളിക്കോട് പറഞ്ഞു.

ഇതിനായി ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി രാജിവെച്ച് ആ സ്ഥാനത്ത് മറ്റൊരാളെ ചുമതലപ്പെടുത്താൻ വിട്ടുനൽകണമെന്ന് സംഘടന പറഞ്ഞാൽ അത് സന്തോഷത്തോടെ അനുസരിക്കുമെന്നും ചുള്ളിക്കോട് പറഞ്ഞു. അതേസമയം, അടുത്ത ഹജ്ജ് തീർഥാടനത്തിനായുള്ള തിരക്കിട്ട ഒരുക്കങ്ങളിലേക്ക് കടക്കുന്ന സമയമായതിനാൽ ഈ മേഖലയിൽ ഇനി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കിടക്കുകയാണ്. അതുകൊണ്ട് ഈയൊരു ഘട്ടത്തിൽ ഹജ്ജ് കമ്മിറ്റിയിൽ മാറ്റങ്ങൾ വരുത്തുന്നത് പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന ഉത്കണ്ഠ തനിക്കുണ്ട്. എന്നാൽ, സ്വന്തം സ്ഥാനം നിലനിർത്താൻവേണ്ടി പറയുന്നതാണെന്ന് വ്യാഖ്യാനിക്കാൻ ഇടയുള്ളതിനാൽ അത് ഊന്നിപ്പറയുന്നില്ല. സർക്കാരിന് കാര്യം മനസ്സിലാകുമെന്നാണ് കരുതുന്നത്. 2027 നവംബറോടെ ഈ കമ്മിറ്റിയുടെ കാലാവധി അവസാനിക്കും. ആ സമയത്ത് പുനഃസംഘടന നടത്തുന്നതായിരിക്കും ഹാജിമാരുടെ നന്മയ്ക്ക് കൂടുതൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Agreement reached to include Kanthapuram faction representative in the Kerala Waqf Board., Minister N. Shamsuddeen conveyed the assurance directly to Kanthapuram A.P. Aboobacker Musliyar.