എസ്.ഐ.ആർ: കേരളത്തിൽ കൂടിയത് 1.6 ലക്ഷം വോട്ടർമാർ

#വിനോയ് മാത്യു
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

തൃശ്ശൂർ: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ.) മൂലമുണ്ടായ വോട്ടുചോർച്ച പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.എസ്.ആർ.) കേരളത്തിൽ കൂടിയത് 1,63,318 വോട്ടർമാർ. ആറുമാസം മുൻപ്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2,71,9,6936 വോട്ടർമാരായിരുന്നു. എസ്.എസ്.ആറിനുശേഷം നവംബർ 12-ന് പ്രസിദ്ധീകരിച്ച കരടു പട്ടിക പ്രകാരം വോട്ടർമാരുടെ എണ്ണം 2,73,6,0254 (പുരുഷന്മാർ-1,33,2,1267, സ്ത്രീകൾ-1,40,3,8718, ട്രാൻസ്ജൻഡർ-269 ) ആയി; 0.6 ശതമാനം വർധന.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുശേഷം ഫെബ്രുവരിയിൽ തയ്യാറാക്കിയ പട്ടികയിൽ 2,69,5,3644 പേരായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ 406610 വോട്ടർമാർ കൂടി, 1.51 ശതമാനം വർധന.

എസ്.എസ്.ആറിനുശേഷം കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.64 ശതമാനം വോട്ടർമാരാണ് കൂടിയത്. എസ്.ഐ.ആറിന് മുൻപ്‌ ഈ സംസ്ഥാനങ്ങളിൽ ആകെ 49.61 കോടി വോട്ടർമാരായിരുന്നത് എസ്.ഐ.ആറിനുശേഷം 45.22 കോടിയായി ചുരുങ്ങി. എസ്.എസ്.ആറിനുശേഷം അത് 45.96 കോടിയായി ഉയർന്നു.

എസ്.ഐ.ആർ. വൻ വിവാദമാകുകയും ദേശീയതലത്തിൽ 13 കോടിയോളം വോട്ടർമാർ പുറത്താവുകയും ചെയ്തതോടെയാണ് ഒക്ടോബർ 15-ന് കേരളമടക്കം 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിന് കമ്മിഷൻ നിർദേശിച്ചത്.

ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് കരടു പട്ടികയാണ്. നവംബർ 12 മുതൽ ഡിസംബർ 11 വരെ പരാതി നൽകാം. ജനവരി നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ജനവരി ഒന്നിന് 18 വയസ്സാകുന്നവർക്കും ഈ കാലയളവിൽ പേരുചേർക്കാം.

കരടു പട്ടിക പ്രകാരം കേരളത്തിലെ വോട്ടർമാർ

ആകെ വോട്ടർമാർ-2,73,6,0254

പുരുഷൻ-1,33,2,1267 (48.7%)

സ്ത്രീ-1,40,3,8718(51.3%)

ട്രാൻസ്ജെൻഡർ-269

പ്രവാസി വോട്ടർമാർ -2,45,883

പുരുഷൻ-2,06,943

സത്രീ-38,931

ട്രാൻസ്ജെൻഡർ-9

Content Highlights: Kerala's voters list revision adds 1,63,318 voters, marking a 0.6% increase since the last assembly election, with a total of 2,73,6,0254 voters.