RSS മഹത്തായ സംഘടന, യുവാക്കളെ പാറ്റകളെന്ന് വിളിക്കരുതെന്നാണ് അഭിപ്രായം-കേരള വിസി

#ന്യൂസ് ഡെസ്ക്
മോഹനൻ കുന്നുമ്മൽ
മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ നിലപാട് ആവർത്തിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അമ്മയെ അറിയാത്തവരാണ് ഭാരതത്തെ അധിക്ഷേപിക്കുന്നത്. ബങ്കിം ചന്ദ്ര ചറ്റർജിയുടെ മഹത്തായ വിപ്ലവഗാനം ഇന്ത്യയിലെ എല്ലാ പാർട്ടികളും ഏറ്റെടുത്തതാണ്. എന്റെ മാതൃഭൂമിയെ ഞാൻ നമിക്കുന്നുവെന്ന് പറയുന്നതിൽ എന്താണ് തെറ്റ്, എനിക്ക് മനസ്സിലാവുന്നില്ല. അർഥം മനസ്സിലാവാതെ ആളുകൾ പലതും പറയുകയാണ്. ആദ്യം ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ടതിനെ തല്ലിക്കൊല്ലുക എന്നതാണ് രീതി. നമ്മൾ നിത്യവും വന്ദേമാതാരം എന്ന് പറഞ്ഞ് തൊഴേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സങ്കൽപ് 2026 യുവസംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു വൈസ് ചാൻസലർ വിവാദ പരാമർശം നടത്തിയത്. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്. എന്നാൽ അമ്മ ആരെന്നറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് തന്നെ പറയും. അങ്ങനെയാണ് പറയേണ്ടതുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദപ്രസ്താവന. ഇത് ചർച്ചയാവുകയും വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് വി.സിയുടെ പ്രതികരണം.

സിജെപി സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ പാറ്റകളെന്ന് വിളിക്കരുതെന്നാണ് അഭിപ്രായം. ജെൻസികൾ യുവാക്കളാണ്. എന്തും ചെയ്യാൻ കഴിവുള്ളവരാണ്. ഈ കുട്ടികൾ പാറ്റകളെപ്പോലെയുള്ളവരല്ല, ഇവരെ കുറിച്ച് ഞാൻ ഉപയോഗിക്കുന്ന വാക്ക് സിംഹങ്ങളാണെന്നാണ്. അത് സുഭാഷ് ചന്ദ്രന്റെ വാക്കാണ്. അതിലെന്താണ് തെറ്റ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സിംഹത്തിനല്ലേ കൂടുതൽ പ്രതികരിക്കാൻ കഴിയുന്നത്, പാറ്റകൾക്കല്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു.

എസ്എഫ്‌ഐ പ്രതിഷേധത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താൻ മഹാബലിയാണെന്നാണ് അവർ പ്രഖ്യാപിച്ചത്. സർവകലാശാല ക്യാംപസിൽ കുഴിച്ചുമൂടുകയാണ്. മഹാബലി മഹാനായ ചക്രവർത്തിയാണ്. നന്മകളുടെ വിളനിലമാണ്. അദ്ദേഹമാണ് ഞാനെന്ന് പറയുമ്പോൾ അവർ എന്നെ അഭിനന്ദിക്കുകയായിരിക്കും. കേരള സർവകലാശാലയിൽ നീതിയും ന്യായവും നടപ്പിലാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അർഹരല്ലാത്ത ആളുകൾ ഇവിടെ പല രീതിയിലും പല കോഴ്‌സുകളിലും പഠിക്കുന്നുണ്ട്. അതെല്ലാം തിരുത്താനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് പരിപാടികളിൽ നിരന്തരം പങ്കെടുക്കുന്ന വി.സിക്കെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിൽ തെറ്റില്ലെന്നും ആർഎസ്എസ് മഹത്തായ സംഘടനയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Content Highlights: Kerala University VC Mohanan Kunnummal doubled down on his Vande Mataram remarks., He stated that those opposing the song do not know their motherland., Clarified his previous statements regarding youth and SFI protests at the Sankalp 2026 event., Defended his participation in RSS events, calling RSS a great organization.