‘വിദേശശക്തികൾ ജൻസീയെ നശിപ്പിക്കാൻ ശ്രമിക്കുന്നു, ചോദ്യത്തോട് മൗനംപാലിച്ചത് അവർ ചെറിയകുട്ടികളായതിനാൽ’

തിരുവനന്തപുരം: ചില വിദേശശക്തികൾ ജെൻസീ കുട്ടികളെ പാറ്റകളും മയക്കുമരുന്നിന് അടിമകളുമാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. അതിനെ ചെറുത്തില്ലെങ്കിൽ എന്തിനാണ് വി.സി.യായി തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ നിങ്ങൾ പാറ്റകളാണോ എന്ന് വി.സി. ചോദിച്ചപ്പോൾ കുട്ടികൾ മൗനം പാലിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഡോ. മോഹനൻ കുന്നുമ്മൽ. ‘സാധാരണ, അഴുക്കുചാലിൽ കാണാറുള്ളതാണ് പാറ്റകൾ. അങ്ങനെ ആവരുതെന്നാണ് സുപ്രീംകോടതി ജഡ്ജി പറഞ്ഞത്. അപ്പോൾ ഇന്ത്യക്കു പുറത്തുള്ള ഒരാൾ തങ്ങളെല്ലാം പാറ്റകളാണെന്നു സ്വയം പ്രഖ്യാപിക്കുന്നു. അമേരിക്കയിൽനിന്നൊരു ചെറുപ്പക്കാരൻ ഇതു പൊട്ടിച്ചുവിടുകയും ഒട്ടേറെപ്പേർ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് യാദൃച്ഛികമാണെന്ന് കരുതാൻ പറ്റുമോ?’, വി.സി. ചോദിച്ചു.
‘എന്തും ചെയ്യാനുള്ള കഴിവുള്ളവരാണ് ജെൻസീ വിഭാഗത്തിൽപ്പെടുന്നത്. ഈ കുട്ടികൾ പാറ്റകളല്ല. അവരെ സിംഹങ്ങളെന്നാണ് ഞാൻ വിശേഷിപ്പിച്ചത്. അതു സുഭാഷ് ചന്ദ്രബോസിന്റെ വാക്കാണ്. സിംഹത്തിനല്ലേ, പാറ്റയേക്കാൾ നന്നായി പ്രതികരിക്കാനാവുക’ എന്നും വി.സി. ചോദിച്ചു.
പാറ്റകളാണോയെന്നു ചോദിച്ചപ്പോൾ കുട്ടികൾ മൗനം പാലിച്ചത് അവർ ചെറിയ കുട്ടികളായതുകൊണ്ടാണ്. ചടങ്ങിനുശേഷം അങ്കിളെന്താണ് ചോദിച്ചതെന്ന് അവർ തന്നോടാരാഞ്ഞെന്നും വി.സി. വിശദീകരിച്ചു.
‘മാതൃഭൂമിയെ അറിയുന്ന എല്ലാവരും വന്ദേമാതരം പാടുമെന്ന് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? എന്റെ വാക്കുകൾ ദുഷ്ടബുദ്ധിയോടെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ള ആർ.എസ്.എസിന് എന്റെ സഹായം ആവശ്യമില്ല. യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ അവസരം കിട്ടുന്നിടത്തൊക്കെ പോകും’ എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala University VC Dr. Mohanan Kunnummal stated that Gen Z youth are lions, not cockroaches. He alleged that foreign powers are trying to destroy Gen Z youth with drugs and negative propaganda. He clarified his remarks on Vandemataram and RSS, stating his words were misconstrued.