അമേരിക്കയിൽ ‘കേരള ഡെസ്ക്’ വരുന്നു; ‘സിസ്റ്റർ സിറ്റീസ്’ മാതൃക പരിശോധിക്കുമെന്ന് യുഎസ് സ്ഥാനപതി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രിയും യുഎസ് സ്ഥാനപതിയും | PHOTO: PTI
മുഖ്യമന്ത്രിയും യുഎസ് സ്ഥാനപതിയും | PHOTO: PTI

കൊച്ചി: കേരളത്തിലേക്ക് വ്യവസായനിക്ഷേപം ആകർഷിക്കാൻ അമേരിക്കയിൽ പ്രത്യേക ‘കേരള ഡെസ്ക്’ തുടങ്ങും. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ യു.എസ്. സ്ഥാനപതി സെർജിയോ ഗോറും ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രാരംഭചർച്ചകൾ നടത്തി.

പ്രത്യേക വിമാനത്തിലെത്തിയ ഗോറിനൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർത്താവ് മൈക്കിൾ ബുലോസുമുണ്ടായിരുന്നു. അമേരിക്കയിലെ ബിസിനസ് സാമ്രാജ്യമായ ബുലോസ് എന്റർപ്രൈസ് കുടുംബത്തിലെ അംഗമാണ് മൈക്കിൾ. ട്രംപുമായി ഏറെ അടുപ്പമുള്ള ഗോറിന്റെ അടുത്ത സുഹൃത്തുമാണ്.

ഔദ്യോഗിക കൂടിക്കാഴ്ചയിൽ മൈക്കിൾ ബുലോസ് ഭാഗമായില്ലെങ്കിലും അനൗദ്യോഗികമായി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. യു.എസ്. നിക്ഷേപകർക്ക് കേരളത്തിലെ സാധ്യതകളെക്കുറിച്ച് അറിയാനും നിക്ഷേപം നടത്താനും അമേരിക്കയിൽ ഒരു ‘ഇൻവെസ്റ്റ്‌മെന്റ് ഡെസ്ക്’ ആരംഭിക്കുന്നതുസംബന്ധിച്ച് മുഖ്യമന്ത്രിയാണ് നിർദേശം മുന്നോട്ടുവെച്ചത്.

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങൾ, മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിങ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയുൾപ്പെടെ ചർച്ചചെയ്തു. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു.

ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽകർ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷ്, കളക്ടർ ജി. പ്രിയങ്ക എന്നിവരും പങ്കെടുത്തു. ചർച്ചയ്ക്കുശേഷം സെർജിയോയും മൈക്കിൾ ബുലോസുമുൾപ്പടെയുള്ള സംഘം ആലപ്പുഴയിലേക്ക് പോയി.

ചർച്ചയിൽ ഉയർന്നത്

കേരളം അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് ഒരുപാട് സാധ്യതയുള്ള ഇടമാണ്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖാധിഷ്ഠിത വികസനം എന്നീ മേഖലകൾ പ്രധാനമാണ്. കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളുമായി സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർഥി വിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലും പങ്കാളിത്ത സാധ്യതകളുണ്ട്- വി.ഡി. സതീശൻ, മുഖ്യമന്ത്രി

കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോർത്തിണക്കി ‘സിസ്റ്റർ സിറ്റീസ്’ മാതൃകയിലുള്ള പങ്കാളിത്തസാധ്യതകൾ പരിശോധിക്കും. സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തികകാര്യങ്ങളും ജനങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും മെച്ചപ്പെടുത്തുന്നതിനാണിത്. ആരോഗ്യം, ആയുർവേദ ടൂറിസം മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽനിന്ന് കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാം. അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്താനും ഇരുരാജ്യവും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കാനും പിന്തുണ നൽകും- സെർജിയോ ഗോർ, യു.എസ്. സ്ഥാനപതി

Content Highlights: Establishment of a dedicated Kerala Investment Desk in the US., Focus on maritime logistics, green bunkering, and shipbuilding., Proposal for 'Sister Cities' partnership between Kerala and US cities., Collaboration in higher education, research, and Ayurveda tourism., High-level discussions between CM V.D. Satheesan and US Ambassador Sergio Gor.