കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുൻ വി.സിയെ ഉൾപ്പെടെ പ്രോസിക്യൂട്ട് ചെയ്യും

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച, 2008-ലെ കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനക്കേസ് എഴുതിത്തള്ളാനുള്ള മുൻ സർക്കാരിന്റെ നീക്കം പൊളിഞ്ഞു. മുൻ വി.സി., പി.വി.സി., നാല് സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ എന്നിവരടക്കം ഏഴുപേർക്കെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള ഫയൽ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനു കൈമാറി. അദേഹം അംഗീകരിക്കുന്നതോടെ കേസ് വിജിലൻസ് കോടതിയിലെത്തും.
40,000-ഓളംപേർ എഴുതിയ പരീക്ഷയുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം അഭിമുഖം നടത്തി സി.പി.എം. അനുഭാവികളെയും ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്.
ഉത്തരവാദികളായവരെ കണ്ടെത്താനാകില്ലെന്നും ഉത്തരക്കടലാസുകൾ കാണാതായതിനു മതിയായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ കേസ് എഴുതിത്തള്ളണമെന്നും മുൻ സർക്കാരിന്റെ കാലത്തെ നിയമോപദേശപ്രകാരം ക്രൈംബ്രാഞ്ച്, തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽചെയ്ത റിപ്പോർട്ട് കോടതി അംഗീകരിച്ചില്ല. പരീക്ഷത്തട്ടിപ്പിന് ഉത്തരവാദികളെ കണ്ടെത്താൻ പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടിരുന്നു.
പുനരന്വേഷണറിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവിയുടെ ൈകയിൽ എത്തിയത്. മുൻ വി.സി. ഡോ. എം.കെ. രാമചന്ദ്രൻ നായർ, മുൻ പി.വി.സി. ഡോ. വി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് വിജിലൻസിന്റെ റിപ്പോർട്ട്. സി.പി.എം. നേതാവായിരുന്ന ബി.എസ്. രാജീവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാതൃഭൂമിയാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.
നടപടികളിൽ അടിമുടി തട്ടിപ്പ്
റാങ്ക് പട്ടികയിൽപ്പെട്ട 160 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. ഒരു വീട്ടിൽനിന്ന് രണ്ടുപേർക്കുവീതം ജോലി ലഭിച്ച മൂന്നു കേസുണ്ട്. പി.ജി. പരീക്ഷ ജയിക്കാൻ പലതവണ പുനർമൂല്യനിർണയം നടത്തിച്ച യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായ എസ്.എഫ്.ഐ. നേതാവ്, സി.പി.എം. നേതാക്കളുടെ മക്കൾ, വി.സി.യുടെയും പി.വി.സി.യുടെയും അടുത്ത ബന്ധുക്കൾ, സി.പി.എം. അനുകൂല അധ്യാപക, അനധ്യാപക സംഘടനയിലെ നേതാക്കളുടെ മക്കൾ തുടങ്ങിയവർ ഉൾപ്പെട്ട റാങ്ക് പട്ടികയെക്കുറിച്ച് തുടക്കംമുതൽ സംശയമുണ്ടായിരുന്നു.
നൂറു മാർക്കിൽ നടത്തിയ എഴുത്തുപരീക്ഷയുടെ മാർക്ക് 75-ലേക്ക് ക്രമീകരിച്ചശേഷം അഭിമുഖത്തിന് 25 മാർക്ക് ഏർപ്പെടുത്തിയ വിചിത്ര രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. സർവകലാശാലാ അസിസ്റ്റന്റ് നിയമനത്തിന് അഭിമുഖം ആദ്യമായിരുന്നു. എഴുത്തുപരീക്ഷയിലെ മുൻനിരക്കാർക്ക് അഭിമുഖത്തിന് രണ്ടും നാലും മാർക്ക് മാത്രം നൽകി പിന്നോട്ടടിക്കുകയും പിന്നിൽനിന്നവർക്ക് 20-നുമേൽ മാർക്ക് നൽകി മുന്നിലെത്തിക്കുകയുമായിരുന്നു. ഉത്തരക്കടലാസ് നശിപ്പിച്ചെന്നും കണ്ടെത്തി.
ഇൻവിജിലേറ്റർ നൽകുന്ന, പരീക്ഷ എഴുതാനെത്താത്തവരുടെ പേരുകൾ അടങ്ങിയ പട്ടികയ്ക്കുപകരം പകർപ്പുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എഴുതാത്തവരുടെ സ്ഥാനത്ത് താത്പര്യമുള്ളവരെ തിരുകിക്കയറ്റി. അങ്ങനെ പരീക്ഷയെഴുതാത്തവരും പട്ടികയിൽ കടന്നുകൂടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 1401 പേരുടെ റാങ്ക് പട്ടികയിൽനിന്ന് 181 പേർക്ക് നിയമനംനൽകി. കേസായതോടെ ചിലർ ജോലിവിട്ടു. ചിലർ വിരമിച്ചു. നിലവിൽ 130 പേരാണ് സർവീസിലുള്ളത്.
Content Highlights: Prosecution sanctioned against former VC, PVC, Registrar, and syndicate members in the 2008 Kerala University assistant appointment scam., Crime Branch completed re-investigation and submitted the file to ADGP H. Venkatesh., Accused manipulated OMR answer sheets and interview marks to favor CPM sympathizers and relatives of officials., Out of 1,401 ranked candidates, 181 were appointed, and 130 remain in service.