ഭൂമിവില കുറച്ച് രജിസ്‌ട്രേഷന്‍ ; പകുതിത്തുകയടച്ച് കേസൊഴിവാക്കാം, 1986 മുതലുള്ളവർക്ക് ഇളവ്

തിരുവനന്തപുരം: ഭൂമിയുടെ വിലകുറച്ച് ആധാരം രജിസ്റ്റർചെയ്തവർക്ക് (അണ്ടർ വാല്യുവേഷൻ) മുദ്രവിലയുടെ പകുതിത്തുകയടച്ച് കേസിൽനിന്നൊഴിവാകാം. മുദ്രവിലയിൽ 50 ശതമാനം ഇളവിനുപുറമേ, രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കിനൽകും. 2017 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെയുള്ള, വിലകുറച്ചുകാണിച്ച ആധാരങ്ങൾക്കാണിത് ബാധകം.
ഇത്തരത്തിലുള്ള 34,422 ആധാരങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവ തീർപ്പാക്കിയാൽ 88 കോടി രൂപ സർക്കാരിന് ലഭിക്കും. 2025 മാർച്ച് 31 വരെയാണ് ഇളവുനൽകുന്ന കാലാവധി.
റവന്യുറിക്കവറിക്കു വിട്ട കേസുകൾക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. സബ് രജിസ്ട്രാർമാർ റിപ്പോർട്ടുചെയ്തതും ജില്ലാരജിസ്ട്രാർമാർ സ്വമേധയാ നടപടിയെടുത്തവയും ഇതിലുൾപ്പെടും. 2017 മുതൽ 2023 വരെയുള്ള ഇത്തരം കേസുകളിൽ ആധാരമുടമകൾക്ക് ജില്ലാ രജിസ്ട്രാർ നോട്ടീസ് നൽകും.
സബ് രജിസ്ട്രാറുടെ ഓഫീസിലെത്തി മുദ്രവില ഇ-പേമെന്റായോ പണമായോ നൽകാവുന്നതാണ്. പണമൊടുക്കാൻ ജില്ലാ രജിസ്ട്രാറുടെ ഓഫീസിൽ പോകേണ്ടതില്ല. നോട്ടീസ് ലഭിക്കാത്തവരും കോമ്പൗണ്ടിങ് സ്കീമിന്റെ ആനുകൂല്യത്തിന് അർഹരാണ്.
സെറ്റിൽമെന്റ് കമ്മിഷൻ മുഖേനയാണ് 1986 മുതൽ 2017 മാർച്ച് 31 വരെ റിപ്പോർട്ടുചെയ്ത അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നത്. ഇതിന് മുദ്രവിലയ്ക്കൊപ്പം രജിസ്‌ട്രേഷൻ ഫീസും നൽകണം.
മെറിറ്റിന്റെ അടിസ്ഥാനത്തിൽ മുദ്രവിലയിൽ 60 ശതമാനവും ഫീസിൽ 75 ശതമാനവും പരമാവധി ഇളവുപ്രഖ്യാപിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റാതെ തിരികെവരുകയോ പണം ഒടുക്കാതിരിക്കുകയോ ചെയ്താൽ ജപ്തിയുണ്ടാകും. ഒടുക്കാനുള്ള തുക സബ് രജിസ്ട്രാർ ഓഫീസിൽ പണമായോ ഇ-പേമെന്റായോ ജില്ലാ രജിസ്ട്രാർ ഓഫീസിൽ ഡി.ഡി.യായോ ബാങ്കേഴ്‌സ് ചെക്കായോ നൽകാം.
അസൽ ആധാരം ഹാജരാക്കിയില്ലെങ്കിൽ നിശ്ചിതമാതൃകയിൽ സർട്ടിഫിക്കറ്റ് നൽകും. റവന്യു റിക്കവറിക്ക് റിപ്പോർട്ടുചെയ്തവയ്ക്കും, കേസ് പിൻവലിച്ചതിന്റെ തെളിവ് ഹാജരാക്കിയാൽ കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും അടുത്ത മാർച്ച് 31വരെ ഇളവുകിട്ടും.
അണ്ടർ വാല്യുവേഷൻ | |
| 2017 മുതൽ 2023 വരെ | |
| ആകെ എണ്ണം | 34,422 |
| കിട്ടേണ്ടത് | ₹ 176 കോടി |
| ഇളവിനുശേഷം | ₹ 88 കോടി |
| 1986 മുതൽ 2017 വരെ | |
| ആകെ എണ്ണം | 1.84 ലക്ഷം |
| (കിട്ടേണ്ട തുക കണക്കാക്കിയിട്ടില്ല) | |
Content Highlights: Get 50% off on under valuation of property registered in Kerala (2017-2023).