ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം- മാതൃഭൂമി
പ്രതീകാത്മകചിത്രം- മാതൃഭൂമി

കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ സംസ്ഥാനത്തെ ഖജനാവിൽ എത്ര രൂപ ബാക്കിയുണ്ട് എന്നത് സംബന്ധിച്ച ചർച്ചകൾ പലയിടത്തും പലതരത്തിലും നടന്നുവരികയാണ്. ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ് എന്നാണ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത്, ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാനുള്ള ഒരു മലയാളിയുടെ ആകാംഷയും അതിനുലഭിച്ച മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

2026 മേയ് ഒന്ന് പ്രകാരം കേരള ട്രഷറിയിൽ എത്ര തുകയാണ് ബാക്കിയുള്ളത് എന്ന തൃശ്ശൂർ സ്വദേശിയും ഫിനാൻഷ്യൽ ജേണലിസ്റ്റുമായ തോമസിന്റെ ചോദ്യത്തിന് വിവരാവകാശ രേഖ പ്രകാരം ആർബിഐയിൽ നിന്നുള്ള മെമ്മോയാണ് മറുപടിയായി ലഭിച്ചത്. 'അതിൽ പറയുന്നത് പ്രകാരം, 5429 കോടി ഒരുലക്ഷം രൂപയാണ് ട്രഷറിയിൽ സർപ്ലസായി വന്നത്.' തോമസ് പറയുന്നു.

വിവരാവകാശ പ്രകാരം മറുപടി ലഭിക്കുന്നതിനായ കേരളത്തിന്റെ ധനമന്ത്രാലയത്തിനാണ് തോമസ് തന്റെ ചോദ്യം സമർപ്പിച്ചത്. 'ഓരോ ദിവസവും വരുന്ന വരവുകളും ചെലവുകളും കണക്കാക്കി, അവസാനം ഒരു സർപ്ലസ് തുക വരുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ അത് ആർബിഐക്ക് കൈമാറും. ആർബിഐ ഈ തുക ട്രഷറി ബില്ലിൽ നിക്ഷേപിക്കും. ആ ട്രഷറി ബില്ലാണ് എനിക്ക് ലഭിച്ചത്.' തോമസ് വ്യക്തമാക്കി.

'ആ ട്രഷറി ബില്ലിൽ, 2026 മേയ് ഒന്നിന് സംസ്ഥാന സർക്കാർ എത്ര രൂപ നിക്ഷേപിച്ചു എന്നതിന്റെ കണക്കാണ് ആ മെമ്മോയിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്.' തോമസ് പറയുന്നു. 'സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി മോശമായിരുന്നെങ്കിൽ, വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് എന്ന പേരിലും, സ്‌പെഷ്യൽ ട്രാഫ്റ്റ് ഫെസിലിറ്റി എന്ന പേരിലും അധികമായി കടമെടുക്കാൻ സർക്കാരിന് സാധിക്കും. എന്നാൽ ദൈനംദിന പ്രവർത്തനങ്ങൾക്കായി സർക്കാർ ഇത്തരത്തിൽ കടങ്ങളൊന്നും എടുത്തിട്ടില്ല എന്നാണ് ആർബിഐയുടെ മെമ്മോയിൽനിന്ന് മനസിലാക്കാൻ സാധിക്കുന്നത്.' തോമസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന ആരോപണങ്ങളാണ് എന്താണ് ഇതന്റെ നിജസ്ഥിതി എന്ന് അറിയാൻ തന്നെ പ്രേരിപ്പിച്ചതെന്ന് തോമസ് പറയുന്നു. 'ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ് എന്നൊരു പ്രസ്താവന കേട്ടു. അങ്ങനെയാണെങ്കിൽ ട്രഷറി വഴിയുള്ള സാധാരണക്കാരുടെ പെൻഷൻ മുടങ്ങുമോ എന്നൊരു ആശങ്ക ഉണ്ടായി.' തോമസ് പറയുന്നു.

എന്നാൽ ഇപ്പോൾ ഖജനാവിലുള്ള ഈ തുക മാത്രംവെച്ച് ധനസ്ഥിതി കണക്കാക്കാനാവില്ല എന്നും തോമസ് പറയുന്നു. 'കേരളത്തിന്റെ ജിഎസ്ഡിപി ഏകദേശം 13 ലക്ഷം കോടിയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ 5000 കോടി എന്ന് പറയുന്നത് വളരെ ചെറിയ തുകയാണ്. അതേസമയം സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഫണ്ട് ഇപ്പോൾ ട്രഷറിയിൽ ഉണ്ട്.' തോമസ് കൂട്ടിച്ചേർത്തു.

'കഴിഞ്ഞ നാലു സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ഡെബ്റ്റ് ടു ജിഎസ്ഡിപി റേഷ്യോ കുറഞ്ഞുവരുന്നതായി കാണാം. അത് അടുത്ത സാമ്പത്തിക വർഷമാകുമ്പോൾ ഏകദേശം 32 ശതമാനമായി കുറയും. ബഡ്ജറ്റ് എസ്റ്റിമേറ്റുകളിൽ തന്നെ അങ്ങനെയാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമുണ്ട് എന്ന് തോന്നുന്നില്ല.' തേമസ് പറയുന്നു. 

Content Highlights: RTI reveals a surplus of 5429 crore in Kerala's treasury as of May 1, 2026. The data was verified through an RBI memo regarding treasury bill investments. No additional debt was taken for daily operations, contradicting claims of empty coffers. Debt-to-GSDP ratio is projected to decrease to approximately 32% by the next fiscal year. Expert analysis suggests the state's current financial position is stable rather than critical.