''കണ്ടത് ശ്രീക്കുട്ടി പുറത്തേക്ക് തെറിക്കുന്നത്, ഒച്ചവെച്ചപ്പോള്‍ ഞാനും അയാളുടെ കൈക്കുള്ളിലായി'; തീവണ്ടിയിലെ അതിക്രമങ്ങള്‍ തുടര്‍ക്കഥ

#ആർ. ആതിര
അർച്ചന
അർച്ചന

തിരുവനന്തപുരം: ''ഞാന്‍ നോക്കുമ്പോള്‍ അവള്‍ പറന്നുപോകുകയായിരുന്നു. സംഭവിക്കുന്നതെന്തെന്ന് വ്യക്തമാകുന്നതിനുമുന്‍പ് എന്നെയും അയാള്‍ പുറത്തേക്കെറിയാന്‍ ശ്രമിച്ചു. കരച്ചില്‍ കേട്ടാണ് ഒരാളെത്തി രക്ഷിച്ചത്.'' -കേരളാ എക്‌സ്പ്രസില്‍ ആക്രമണത്തിന് ഇരയായ ശ്രീക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയുടെ വാക്കുകളില്‍ ഇപ്പോഴും ഭയം.

ശ്രീക്കുട്ടിയും അര്‍ച്ചനയും കൂട്ടുകാരികളാണ്. ഇരുവരുംകൂടി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെ കാണാന്‍ എറണാകുളത്ത് പോയി തിരികെ വരുന്നതിനിടെയായിരുന്നു സംഭവം.

''ആലുവയില്‍നിന്നാണ് ഞങ്ങള്‍ കയറിയത്. മദ്യപിച്ചെത്തിയ അയാളെ ശ്രദ്ധിച്ചിരുന്നു. അയാള്‍ അപ്പോള്‍ ശല്യമൊന്നുമുണ്ടാക്കിയിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഉറങ്ങി. വര്‍ക്കല എത്തിയപ്പോഴാണ് ഉണര്‍ന്നത്. ടോയ്ലറ്റില്‍ ശ്രീക്കുട്ടി ആദ്യംപോയി. രണ്ടാമത് ഞാന്‍ കയറിയപ്പോള്‍ അവള്‍ വാതിലിന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ടോയ്ലറ്റില്‍നിന്ന് ഇറങ്ങിയപ്പോള്‍ ശ്രീക്കുട്ടി പുറത്തേക്ക് തെറിക്കുന്നതാണ് കണ്ടത്. ഒച്ച ഉയര്‍ത്തിയപ്പോഴേക്കും ഞാനും അയാളുടെ കൈക്കുള്ളിലായി. ഒരാളെത്തി രക്ഷിച്ചതിനാല്‍ പുറത്തേക്കുവീണില്ല -അര്‍ച്ചന പറയുന്നു.

തീവണ്ടിയിലെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവണ്ടിയിലെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. യുവതിയെ ഗോവിന്ദച്ചാമി തള്ളിയിട്ട് പീഡിപ്പിച്ചുകൊന്ന സംഭവം കേരളത്തില്‍ ചര്‍ച്ചയായതിനുപിന്നാലെ സുരക്ഷ വര്‍ധിപ്പിച്ചുവെന്നുപറയുമ്പോഴും അതിക്രമങ്ങള്‍ തുടരുകയാണ്.

കേരളം ചര്‍ച്ചചെയ്ത അക്രമങ്ങള്‍ ചുവടെ:

2011 ഫെബ്രുവരി 1- എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്ക് പോകുകയായിരുന്നു തീവണ്ടിയിലെ വനിതാകമ്പാര്‍ട്ടുമെന്റില്‍ വെച്ചാണ് 2011 ഫെബ്രുവരി ഒന്നിന് യുവതിയെ തമിഴ്നാട് സ്വദേശി ഗോവിന്ദച്ചാമി തള്ളിയിട്ടത്. കൊടുംക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന യുവതി ഫെബ്രുവരി ആറിന് മരിച്ചു.

2021 ഏപ്രില്‍ 26 -ഗുരുവായൂര്‍ പുനലൂര്‍ എക്‌സ്പ്രസില്‍ എറണാകുളത്തിനുസമീപം ഒലിപ്പുറത്തുവച്ച് യുവതി മോഷണത്തിനും അക്രമത്തിനും ഇരയായി. രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റു.

2023 ഏപ്രില്‍ 2-കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസിന്റെ കോച്ചിന് അക്രമി തീയിട്ടത് 2023 ഏപ്രില്‍ 2-ന് രാത്രി. അക്രമത്തില്‍ മൂന്നു യാത്രക്കാര്‍ മരിച്ചു.

2024 ഏപ്രില്‍ 2-എറണാകുളത്തുനിന്ന് പട്നയിലേക്ക് പോകുകയായിരുന്ന തീവണ്ടിയിലെ ടിടിഇയെ ടിക്കറ്റ് ചോദിച്ചതിന്റെപേരില്‍ പുറത്തേക്കു തള്ളിയിട്ടു. ടിടിഇ കെ. വിനോദ് തത്ക്ഷണം മരിച്ചു. ഒഡിഷ സ്വദേശിയായിരുന്നു അക്രമി.

2024 മേയ് 15- ബിലാസ്പുര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരേ അക്രമം നടത്തിയത് കോച്ച് വൃത്തിയാക്കാന്‍ നിര്‍ദേശിച്ചതിനായിരുന്നു. ട്രെയിനിലെ ശുചീകരണത്തൊഴിലാളി, ഛത്തീസ്ഗഢ് സ്വദേശിയാണ് പിടിയിലായത്.

2025 ഓഗസ്റ്റ് 8-തൃശ്ശൂര്‍ സ്വദേശിനിയായ അമ്മിണി ജോസിനെ കോഴിക്കോട് കല്ലായിക്കുസമീപം മൊബൈല്‍ ഫോണും പണവും കവര്‍ന്നശേഷം ഇതരസംസ്ഥാനത്തൊഴിലാളി തീവണ്ടിയില്‍നിന്ന് തള്ളിയിട്ടു.

Content Highlights: Shocking incident on Kerala Express: A young woman was pushed off a moving train. Witness recounts the terrifying attack and rescue. Read the full story.