വേദന അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്, നടപടി- വീണ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. വളരെ വേദന ഉണ്ടാക്കുന്ന സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാൻ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പോലീസിന് കൈമാറും. മന്ത്രി വ്യക്തമാക്കി.
ആരൊക്കെയാണ് റിട്ടയർ ചെയ്തു പോയിട്ടുള്ളത്. ഇപ്പോൾ സർവീസിൽ ആരെങ്കിലും ഉണ്ടോ മുതലായ കാര്യങ്ങളിൽ അന്വേഷണം നടത്തി സർവീസിൽ ഉള്ളവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും. ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിരുന്നു. പലതവണ വീട്ടിൽ പോയി ഡോക്ടറെ കണ്ടതായി ബന്ധുക്കൾ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തും. 2021 മെയ് 10നാണ് ഉഷാ ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ട്. 12നാണ് സർജറി നടന്നത്. 15ന് ഡിസ്ചാർജ് ചെയ്തു. ഡോക്ടർക്ക് ഇങ്ങനെ ഒരു കേസ് ഓർമ്മയില്ല പക്ഷേ സർജറി ചെയതില്ല എന്ന് ഓർമ്മയുണ്ട്. അത് എങ്ങനെയാണ് സാധ്യമാകുകയെന്നും മന്ത്രി വീണാ ജോർജ് ചോദിച്ചു. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും പണം നൽകിയെന്ന ആരോപണവും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് സ്ക്രബ് നേഴ്സും ഡോക്ടറും ഒരുപോലെ ഉത്തരവാദപ്പെട്ടവരാണ്. സ്ക്രബ് നേഴ്സ് ഇല്ലാതെ മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ നടക്കില്ലെന്നും, ശസ്ത്രക്രിയ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തേണ്ടത് ഇവരുടെ സംയുക്ത ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഒരുക്കുക എന്നതാണ് പ്രാഥമിക ചുമതല. എന്നാൽ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിക്കുന്നത് വ്യക്തികളുടെ ഭാഗത്തുനിന്നാണ്. ഇത്തരം ഇൻഡിവിജ്വൽ വീഴ്ചകളിൽ കർശനമായ നിയമനടപടികൾ തന്നെ സ്വീകരിക്കും. മെഡിക്കൽ കോളേജുകളിൽ എല്ലാ സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ, പ്രോട്ടോക്കോൾ ലംഘിച്ച് ശസ്ത്രക്രിയകൾ നടത്തുന്നത് അത്യന്തം ഗൗരവകരമായ വിഷയമായാണ് സർക്കാർ കാണുന്നത്.
യു.ഡി.എഫ് കാലത്തായാലും എൽ.ഡി.എഫ് കാലത്തായാലും സാധാരണക്കാർ അനുഭവിക്കുന്ന ഇത്തരം വേദനകൾക്ക് പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ നയം. ശസ്ത്രക്രിയ പിഴവ് കാരണം വർഷങ്ങളോളം വേദന അനുഭവിക്കുന്നവരുടെ പ്രയാസം അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാകൂ. ഉപകരണം വയറ്റിൽ ഇരുന്നാൽ പ്രശ്‌നമില്ലെന്ന് ഒരുകാരണവശാലും പറയാൻ പാടില്ലാത്തതാണ്. അതിനാൽ, ഇത്തരം വീഴ്ചകളിൽ ഒരു തരത്തിലുള്ള ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും എല്ലാ കേസുകളിലും നിയമപരമായ നടപടികൾ വേഗത്തിലാക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പുനൽകി. കൂടാതെ, നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷാ ജോസഫിന്റെ കാര്യത്തിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് സർക്കാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
Content Highlights: Kerala Health Minister Veena George orders a detailed investigation into a surgical error at Alappuzha Medical College, vowing strict action against any negligence.