സോളാർനിലയങ്ങൾ നാലുലക്ഷം കവിഞ്ഞു; പ്രതിദിന ഉത്പാദനത്തിന്റെ കണക്കുനൽകാനാകാതെ കെ.എസ്.ഇ.ബി.

തിരുവനന്തപുരം: കേരളത്തിൽ പുരപ്പുറ സോളാർ വൈദ്യുതി നിലയങ്ങൾ നാലുലക്ഷം കവിഞ്ഞെങ്കിലും അവയിൽനിന്ന് ദിവസേന എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുവെന്നതിന് കൃത്യം കണക്കില്ല. റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും കണക്കുനൽകാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞിട്ടില്ല. ഉത്പാദകർക്കെല്ലാം ഇനിയും സ്മാർട്ട് മീറ്റർ ഏർപ്പെടുത്താൻ കഴിയാത്തതാണ് കാരണം. പകൽ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി ശേഖരിച്ച് ഉപയോഗിക്കാൻ സംവിധാനമില്ലാത്തതിനാൽ രാത്രിയിലെ ക്ഷാമം പരിഹരിക്കാനാവാതെ പോകുന്നു.
സോളാർ ഉത്പാദനത്തിന്റെ കൃത്യമായ വിവരങ്ങൾ ഇല്ലാത്തത് വൈദ്യുതി ആവശ്യകത സംബന്ധിച്ച ആസൂത്രണത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഗ്രിഡിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ശരിയായ വിലയിരുത്തലിനും കഴിയുന്നില്ല. സോളാർ ഉത്പാദനം കൂടിവരുന്നതിനാൽ ശരിക്കുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഭാവിയിലെ ആസൂത്രണത്തെയും ബാധിക്കും.
വിതരണ ട്രാൻസ്‌ഫോർമറുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽനിന്ന് സോളാർ ഉത്പാദനത്തെ സംബന്ധിച്ച യഥാർഥചിത്രം ലഭിക്കില്ല. മാസംതോറുമുള്ള ഉത്പാദനത്തെപ്പറ്റി അനുമാനക്കണക്കാണ് കെ.എസ്.ഇ.ബി. തയ്യാറാക്കുന്നത്. ഇപ്പോൾ കേരളത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കുന്നതിന്റെ 38 ശതമാനവും സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ സ്രോതസ്സുകളിൽനിന്നാണെന്ന് അനുമാനം.
സോളാർ ഉത്പാദകർ ദിവസനേ എത്ര ഉത്പാദിപ്പിക്കുന്നു, എത്ര ഉപയോഗിക്കുന്നുവെന്ന കൃത്യമായ കണക്ക് നിലയം സ്ഥാപിച്ച കമ്പനി അവരെ മൊബൈൽ ആപ്പിലൂടെ അറിയിക്കുന്നുണ്ട്. എന്നാലിത് കെ.എസ്.ഇ.ബി.പോലുള്ള വിതരണ ഏജൻസികൾക്ക് കൈമാറാറില്ല. ഈ വിവരങ്ങൾ ദേശീയതലത്തിലുള്ള ഒരു പോർട്ടലിൽ കമ്പനികൾ അപ്‌ലോഡ് ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ചട്ടങ്ങൾക്ക് കേന്ദ്ര വൈദ്യുതിമന്ത്രാലയം രൂപം നൽകിവരുകയാണ്. അതോടെ വിതരണക്കമ്പനികൾക്കും ഈ വിവരങ്ങൾ ലഭ്യമാകും. അല്ലെങ്കിൽ സ്മാർട്ട് മീറ്ററുകൾ വേണം.
സോളാർ നിലയങ്ങളുടെ എണ്ണം -4,22,776
സ്ഥാപിതശേഷി -2508.958 മെഗാവാട്ട്
ജലവൈദ്യുതി സ്ഥാപിതശേഷി - 2200 മെഗാവാട്ട്
Content Highlights: Over 4.22 lakh solar plants installed in Kerala with 2508.958 MW capacity., KSEB lacks real-time daily production data due to insufficient smart meter coverage., Lack of data hinders grid stability planning and night-time energy management., Union Power Ministry is drafting regulations to mandate data sharing via a national portal.