സോയില്‍ പൈപ്പിങ്:3 ജില്ലകള്‍ തീവ്രമേഖലയില്‍, കേരളത്തിന്റെ സുസ്ഥിരതയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തല്‍

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പത്തനംതിട്ട: ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാക്കുന്ന സോയിൽ പൈപ്പിങ് കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ തീവ്രമെന്ന് പഠനം. വയനാട്, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും വ്യാപകമായി സോയിൽ പൈപ്പിങ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ അപൂർവമാണെന്നും പഠനത്തിൽ പറയുന്നു.

കാസർകോട് 29, കണ്ണൂർ 17, മലപ്പുറം 24, വയനാട് 26 എന്നിങ്ങനെയാണ് സോയിൽ പൈപ്പുകൾ കണ്ടെത്തിയത്. മിക്കതും മനുഷ്യന് ഇറങ്ങാവുന്ന വലുപ്പമുള്ള തുരങ്കത്തിനു സമാനമായവയാണ്. തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുൻശാസ്ത്രജ്ഞൻ ജി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനപ്രകാരം കേരളത്തിന്റെ സുസ്ഥിരതയ്ക്ക് സോയിൽ പൈപ്പിങ് ഭീഷണിയാകുന്നതായി കണ്ടെത്തിയിരുന്നു.

സോയിൽ പൈപ്പിങ്

ഭൂഗർഭ മണ്ണൊലിപ്പിന്റെ ഒരു പ്രധാന കാരണമാണ് സോയിൽ പൈപ്പിങ് അഥവാ ‘കുഴലീകൃത മണ്ണൊലിപ്പ്’. മഴപെയ്യുമ്പോൾ മണ്ണിൽ ഊറിയിറങ്ങുന്ന വെള്ളം മണ്ണിനെ പൂരിതമാക്കുകയും ഉറപ്പുകുറവുള്ള മേഖലകളിലെ ഭൗമാന്തർഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ കുഴലുകൾ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകുന്നതിനെയാണ് സോയിൽ പൈപ്പിങ് എന്നു പറയുന്നത്. ഭൂമിക്കടിയിൽ രൂപപ്പെടുന്ന ഈ പ്രതിഭാസം മണ്ണ് പെട്ടെന്ന് ഇരുന്നുപോകുന്നതിനും ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനും കാരണമാകും.

ഭൂപ്രകൃതി, ചെരിവ്, മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂഗർഭജലത്തിന്റെ ഒഴുക്ക്, കാർഷികരീതികൾ, മരംമുറിക്കൽ, ഖനനം തുടങ്ങി സോയിൽ പൈപ്പിങ്ങിനു കാരണമാകുന്ന ഘടകങ്ങൾ ഒട്ടേറെയാണ്.

കേരളത്തിലെ അതിതീവ്രമഴ മണ്ണിലേക്ക്‌ ഒരുപാടു വെള്ളം ഊർന്നിറങ്ങാനും അതുവഴി പൈപ്പിങ് കൂട്ടുന്നതിനും കാരണമായിട്ടുണ്ട്. വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോൾ മണ്ണിൽശേഷിക്കുന്ന വേരുകൾ ദ്രവിച്ചുണ്ടാകുന്ന കുഴലുകളും എലി, മുയൽ പോലെയുള്ള ജീവികൾ ഉണ്ടാക്കുന്ന മാളങ്ങളും സോയിൽ പൈപ്പുകളായി മാറും. ജിപ്‌സവും കുമ്മായവും പോലുള്ള സംയുക്തങ്ങളിട്ട് മണ്ണിന്റെ ഉറപ്പുകൂട്ടണമെന്നും ചെരിവുള്ളിടത്ത് മഴവെള്ളം ഒലിച്ചുപോകാൻ ചാലുണ്ടാക്കണമെന്നും പഠനത്തിൽ പറയുന്നു.

പുത്തുമലയിലെ മണ്ണിടിച്ചിലിന് പിന്നിൽ സോയിൽ പൈപ്പിങ് ആയിരുന്നു. എന്നാൽ, ചൂരൽമലയിൽ സോയിൽ പൈപ്പിങ് ഉണ്ടായോയെന്ന് വിദഗ്‌ധരുടെ പഠനത്തിനുശേഷമേ പറയാനാകൂ.

Content Highlights: Kasaragod, Kannur, Malappuram districts highly effected of Soil Piping