വൈദ്യുതിബോർഡിന്റെ മെല്ലെപ്പോക്ക്; സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നത് 676 മെഗാവാട്ടിന്റെ 123 ജലവൈദ്യുതപദ്ധതികൾ

#ജോർജ് തോമസ്
പ്രതീകാത്മക ചിത്രം | AP
പ്രതീകാത്മക ചിത്രം | AP

തൊടുപുഴ: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നത് 676 മെഗാവാട്ട് ശേഷിയുള്ള 123 ചെറുകിട ജലവൈദ്യുതപദ്ധതികൾ. തടയണ നിർമിച്ച് വഴിതിരിച്ചുവിടുന്ന ഒഴുക്കുവെള്ളത്തിൽനിന്ന് കുറഞ്ഞ ചെലവിൽ ഊർജോത്‌പാദനം സാധ്യമാകുന്ന ഈ പദ്ധതികൾ വൈദ്യുതിബോർഡിന്റെ മെല്ലെപ്പോക്കുമൂലം തടസ്സപ്പെട്ടിരിക്കയാണ്.

ഇടുക്കിയിൽമാത്രം 236 മെഗാവാട്ടിന്റെ 22 പദ്ധതിയാണുള്ളത്. പത്തനംതിട്ടയിൽ 91 മെഗാവാട്ടിന്റെ 21 പദ്ധതികളും കണ്ണൂരിൽ 66 മെഗാവാട്ടിന്റെ 22 പദ്ധതികളും മുടങ്ങിക്കിടക്കുന്നു. ഇടുക്കിയിൽ ദേവിയാറിനുകുറുകെ 10 മെഗാവാട്ടിന്റെ തൊട്ടിയാർ പദ്ധതി നിർമിച്ചതും പള്ളിവാസൽ വിപുലീകരണപദ്ധതി പുനരാരംഭിച്ചതും മാത്രമാണ് ചെറുകിട പദ്ധതികളുടെ കാര്യത്തിൽ പത്തുവർഷത്തിനിടെനടന്ന പ്രവർത്തനം.

ഇടുക്കി മേലാച്ചേരി പുഴയ്ക്കുകുറുകെ നിർമിക്കാനുദ്ദേശിച്ച 40 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം ജലവൈദ്യുതപദ്ധതി പാതിവഴിയിൽ നിർമാണം നിർത്തി. കാവേരിയുടെ പോഷകനദിയായ പാമ്പാറിൽ വിഭാവനംചെയ്ത 40 മെഗാവാട്ട് പദ്ധതിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഇടുക്കിയിലെ 24 മെഗാവാട്ട്‌വീതംവരുന്ന ചെങ്കുളം പദ്ധതി വിപുലീകരണം, അപ്പർ ചെങ്കുളം, കീഴാർകുത്ത് (15 മെഗാവാട്ട്), പത്തനംതിട്ട അച്ചൻകോവിലാറ്റിലെ 30 മെഗാവാട്ട് പദ്ധതി, വാക്കലാർ, കാരികയം (15), കോഴിക്കോട് കക്കാടംപൊയിൽ-1 (20), എറണാകുളത്തെ പോര് (16), കണ്ണൂരിലെ പഴശ്ശിസാഗർ (8), പാലക്കാട് ചിന്നപ്പറമ്പത്തോട് (11) എന്നിവയാണ് മുടങ്ങിപ്പോയ മറ്റ് പ്രധാന പദ്ധതികൾ. 24 മെഗാവാട്ട് ഉത്‌പാദിപ്പിക്കാൻ 32 വർഷം മുൻപ് വിഭാവനംചെയ്ത ഭൂതത്താൻകെട്ട് പദ്ധതിക്ക് അണക്കെട്ടിന്റെ ആവശ്യംപോലുമില്ല.

മറ്റുജില്ലകളിലെ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ (ബ്രാക്കറ്റിൽ മെഗാവാട്ട്)

  • എറണാകുളം-5 (47)
  • കോഴിക്കോട്-14 (64)
  • തൃശ്ശൂർ-7 (36)
  • പാലക്കാട്-13 (61)
  • കോട്ടയം-7 (24)
  • മലപ്പുറം-4 (12)
  • വയനാട്-3 (08)
  • കൊല്ലം-4 (10)
  • തിരുവനന്തപുരം-2 (05)
  • കാസർകോട്-7 (10)

കാര്യക്ഷമമല്ല കാര്യങ്ങൾ

ചെറുകിടപദ്ധതികൾ നടപ്പാക്കുന്നത് കെ.എസ്.ഇ.ബി. സിവിൽ വിഭാഗമാണ്. ശരാശരി 700 സിവിൽ എൻജിനിയർമാർ ഈ വിഭാഗത്തിൽ ജോലിചെയ്യുന്നു. 16 വർഷംകൊണ്ട് ഇവർ കൂട്ടിച്ചേർത്ത ഉത്‌പാദനശേഷി 189 മെഗാവാട്ട്മാത്രമാണ്. ഇതേ കാലഘട്ടത്തിൽ കേരളത്തിലെ ഉപഭോഗം 1500-ൽനിന്ന് 4500 മെഗാവാട്ടിലേക്ക് കുതിച്ചു. – ജേക്കബ് ജോസ്, പള്ളിവാസൽ പദ്ധതി മുൻ പ്രോജക്ട് മാനേജർ

Content Highlights: Kerala's power sector faces major setbacks as 123 small hydroelectric projects totaling 676 MW remain stalled due to KSEB's delays across multiple districts.