സ്‌കൂളുകൾക്ക് പണം നൽകിയില്ല ; സ്റ്റുഡന്റ് പോലീസ് പദ്ധതി വഴിമുട്ടി

പ്രതീകാത്മക ചിത്രം ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സർക്കാരിന്റെ ഫണ്ട് മുടങ്ങിയതോടെ, സംസ്ഥാനത്തെ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് (എസ്.പി.സി.) പദ്ധതി വഴിമുട്ടുന്നു. ഈ അധ്യയനവർഷം പത്തു കോടി രൂപ വകയിരുത്തിയെങ്കിലും ഒറ്റപ്പൈസ പോലും അനുവദിച്ചിട്ടില്ല.

സ്വന്തം കൈയിൽനിന്നു പണംമുടക്കി ചില സ്കൂളുകൾ ഓണാവധിക്കാലത്ത് ക്യാമ്പ് നടത്തിയെങ്കിലും ക്രിസ്മസ് അവധിക്കാലത്ത് അതും കാര്യമായി നടന്നിട്ടില്ല. സ്വന്തമായി പണം കണ്ടെത്തി സ്കൂളുകൾക്ക് ക്യാമ്പ് നടത്താമെന്ന് സർക്കാർ നിലപാടെടുത്തതോടെ, അധ്യാപകരും മടിക്കുകയാണ്.

ആഭ്യന്തര-പൊതുവിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് സംസ്ഥാനത്തെ 1040 ഹൈസ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആഴ്ചയിൽ ആറു മണിക്കൂർ എസ്.പി.സി.ക്ക് നീക്കിവെക്കാനാണ് നിർദേശം. പി.ടി., കാക്കി യൂണിഫോമുകൾക്കായി ഒരു വിദ്യാർഥിക്ക് രണ്ടായിരം രൂപ അലവൻസ് നൽകാറുണ്ട്.

പരിശീലനദിനങ്ങളിൽ ഓരോ കുട്ടിക്കും എട്ടര രൂപ വീതം ഭക്ഷണത്തിനും ചെലവഴിക്കണം. ഓണത്തിനും ക്രിസ്മസിനും മൂന്നു മുതൽ അഞ്ചു ദിവസം വരെ ക്യാമ്പും സംഘടിപ്പിക്കണം. ലഹരിനിർമാർജനം പോലുള്ള വിവിധ സാമൂഹികസേവന പദ്ധതികളും ഏറ്റെടുക്കണം. ഇതിനൊക്കെയായി ഒരു വർഷം 24 കോടി രൂപ ചെലവ് വരും. യൂണിഫോമിനുമാത്രം ഒരു സ്കൂളിന് 88,000 രൂപ ചെലവു വരും.

Content Highlights: Kerala`s Student Police Cadet (SPC) program faces funding crisis.