നിയമന അഴിമതി തടയാൻ വിവരാവകാശ കമ്മിഷൻ; ഹർജിക്കാരി അസി.പ്രൊഫസറായി, വിവരാധികാരിക്ക് ശിക്ഷ

തിരുവനന്തപുരം: തൊഴിൽനിയമനത്തിലെ അഴിമതി തടയാൻ അഭിമുഖങ്ങളിൽ ഉദ്യോഗാർഥികൾക്കു നൽകുന്ന മാർക്ക് ഇനംതിരിച്ചു രേഖപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഉദ്യോഗാർഥികൾ നിയമപ്രകാരം ആവശ്യപ്പെട്ടാൽ അഭിമുഖത്തിന്റെ വിശദാംശവും നൽകണം. കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയസ് കോളേജിലെ ഓഫീസ് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽഹക്കീമിന്റെ ഉത്തരവ്.
സമാനമായ രണ്ടുകേസുകൾ തീർപ്പാക്കിയ കമ്മിഷൻ, ഭാവിയിലെ തൊഴിൽനിയമനങ്ങളിലെല്ലാം കർശനവ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാരിനോട് നിർദേശിച്ചു. സ്കോർഷീറ്റിലെ എല്ലാ കോളങ്ങളും ഇന്റർവ്യൂ ബോർഡംഗങ്ങൾ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇതു കൃത്യമായി പാലിക്കാൻ പൊതുഭരണ സെക്രട്ടറി സർക്കുലർ പുറപ്പെടുവിക്കണം. അഭിമുഖത്തിൽ ഉദ്യോഗാർഥികൾ നേടുന്ന മൊത്തം മാർക്ക് സ്കോർഷീറ്റിലെ കോളങ്ങളിൽ ഇനംതിരിച്ച് രേഖപ്പെടുത്തണം. കൂടാതെ, അവയുടെ വിശദാംശം വിവരാവകാശ നിയമപ്രകാരം നൽകാൻ സൂക്ഷിക്കണം.
എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളും സർവകലാശാലകളും അഫിലിയേറ്റഡ്, എയ്ഡഡ് കോളേജുകളും സ്കൂളുകളും സമാനസ്വഭാവമുള്ള സ്ഥാപനങ്ങളും ഈ നിർദേശം നടപ്പാക്കണം -കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.
എംജി സർവകലാശാലയിൽ അസി.പ്രൊഫസർ ജോലി നിഷേധിക്കപ്പെട്ട ഉദ്യോഗാർഥിക്ക് വിവരാവകാശ കമ്മിഷൻ ഇടപെടലിനെത്തുടർന്ന് ജോലി ലഭിച്ചു. പത്തനംതിട്ട സ്വദേശി ശ്രീവൃന്ദ നായരാണ് നിയമനക്രമക്കേട് ചൂണ്ടിക്കാട്ടി കമ്മിഷനെ സമീപിച്ചത്. ഇന്റർവ്യൂ ബോർഡംഗങ്ങൾ സ്‌കോർഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാർക്ക് മാത്രമേ രേഖപ്പെടുത്താറുള്ളൂവെന്ന എംജി സർവകലാശാലയുടെ വിശദീകരണം കമ്മിഷൻ തള്ളുകയായിരുന്നു. കമ്മിഷൻ നിർദേശിച്ചതിനെത്തുടർന്ന് പുതിയൊരു തസ്തികയിൽ ഹർജിക്കാരിയെ അസി.പ്രൊഫസറായി നിയമിച്ചു.
ഇല്ലാത്ത സ്കോർഷീറ്റും ഇനം തിരിച്ച കണക്കുണ്ടെന്നും അത് ഹർജിക്കാരിക്കു നൽകിയെന്നും അറിയിച്ച് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചതിന് സെയ്ന്റ് ഗ്രിഗോറിയോസ് കോളേജിലെ വിവരാധികാരിയെ ശിക്ഷിക്കാൻ കമ്മിഷണർ നടപടി തുടങ്ങി.
Content Highlights: RTI Commission orders detailed marking in job interviews to curb corruption