പല റോഡുകളും ഡിസൈന്‍ ചെയ്യുന്നത് കോണ്‍ട്രാക്ടര്‍മാര്‍, അശാസ്ത്രീയ നിര്‍മാണം; വിമര്‍ശനവുമായി മന്ത്രി

ന്യൂഡൽഹി: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ അശാസ്ത്രീയ റോഡ് നിര്‍മാണത്തില്‍ വിമര്‍ശനം ഉന്നയിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശിയ പാത ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാര്‍ ഗൂഗിൾ മാപ്പ് നോക്കിയാണെന്നും ഇന്ത്യയിലെ റോഡുകളിൽ പലതും അശാസ്ത്രീയമാണെന്നും അദ്ദേഹം വിമർശിച്ചു.
'പലയിടത്തും ഹൈവേ നിര്‍മിക്കാന്‍ വരുന്ന എന്‍ജിനിയര്‍മാര്‍ക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരുടെ ഡിസൈനിലാണ് പലയിടത്തും നിര്‍മാണം. ലോകബാങ്കിന്റെ റോഡുകള്‍ പോലെ,പ്രാദേശിക എന്‍ജിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്തശേഷം പണം നല്‍കുകയാണ് ചെയ്യുന്നത്' - ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
ഡിസൈന്‍ ചെയ്യുന്ന റോഡരികില്‍ വീടുണ്ടോ വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിയുണ്ടോ എന്നിവ കണക്കിലെടുക്കാറില്ല. റോഡ് നിര്‍മിക്കേണ്ട സൈറ്റിലെത്തി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. റോഡിലെ വളവുകളിലെ കയറ്റം, ഇറക്കം, എന്നിവയൊന്നും പരിഗണിക്കാറില്ല.ലോക ബാങ്ക് നിര്‍മ്മിക്കുന്ന റോഡുകളില്‍ കെ.എസ്.ടി.പിക്കോ പി.ഡബ്യു.ഡി എന്‍ജിിനിയര്‍മാര്‍ക്കോ യാതൊരു പങ്കുമില്ല.വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാന്‍ ആവശ്യപ്പെടും.ചാലക്കുടി പോട്ടയിലേക്ക് പോകുന്ന വഴിയിലുള്ള സ്ഥിരം അപകട മേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അണ്ടര്‍ പാസ് നിര്‍മ്മിക്കാനായി ഉപരിതല ഗതാഗത വകുപ്പ് 48 കോടി രൂപയുടെ പദ്ധതിയിട്ടുണ്ട്. സര്‍വീസ് റോഡ് നിര്‍മ്മിക്കാനായി 18 കോടി രൂപയും ചെലവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala Road Design Flawed: Minister`s Criticism, palakkad accident